തിരുവനന്തപുരം: ലണ്ടൻ ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് ടീമിൽനിന്നു പി.യു.ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി കായിക മന്ത്രി എ.സി.മൊയ്തീൻ. ചിത്രയെ ഒഴിവാക്കിയ സംഭവം അവസാനം വരെ മറച്ചുവച്ചത് ശരിയായില്ല. മാനദണ്ഡം മറികടന്നും പലരും മീറ്റിൽ പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചിത്രയെ ഒഴിവാക്കിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയിക്കുന്നതിൽ തെറ്റില്ലെന്ന് കായിക മന്ത്രി പറഞ്ഞു.
ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടി ലണ്ടൻ ലോകചാന്പ്യൻഷിപ്പിലേക്കു യോഗ്യത നേടിയശേഷമാണ് ചിത്രയെ ടീമിൽനിന്ന് ഒഴിവാക്കിയത്. ചൊവ്വാഴ്ച അർധരാത്രിയോടെ ലോക ചാന്പ്യൻഷിപ്പിലേക്കുള്ള താരങ്ങളുടെ എൻട്രി സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 24 അംഗ ടീമിനെ തീരുമാനിച്ച പട്ടികയിൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ മൂന്നു പേരില്ല. ചിത്രയ്ക്കൊപ്പം സുധാ സിംഗും അജയ്കുമാർ സരോജും ടീമിൽനിന്നു പുറത്തായി.
ഇരുപതിന് തയാറാക്കിയ ടീം പട്ടിക പുറത്ത് വിട്ടത് 23 ന് രാത്രി എട്ടിനായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും താമസിച്ചതെന്ന ചോദ്യത്തിന് ഫെഡറേഷൻ വിശദീകരണം നൽകിയിട്ടില്ല. ഗുർഭജൻ സിംഗ് രണ്‍ധാവ ചെയർമാനായ സെലക്്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.