മംഗലംഡാം : ഭർത്താവുൾപ്പെടെയുള്ളവരുടെ വേർപാടുകളും അപകടത്തിൽപ്പെട്ടുള്ള പരിക്കുകളുടെ വേദനയും അവശതകളും ഉള്ളിലൊതുക്കി മുപ്പത്തിയഞ്ചുകാരിയായ ചിത്രയും ഇന്നലെ വോട്ടു ചെയ്യാനെത്തി.
വനത്തിനകത്ത് കാടർ വിഭാഗത്തിൽപ്പെട്ട തളിക കല്ല് ആദിവാസി കോളനിയിലെ ചിത്രയാണ് ഉണങ്ങാത്ത മുറിവുകളുടെ വേദനകളുമായി കടപ്പാറ ഗവണ്മെന്റ് എൽപി സ്കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്താനെത്തിയത്.
കോളനിയിലെ മറ്റു സ്ത്രീകൾക്കൊപ്പമാണ് അവർ വന്നത്. ഒരാഴ്ച മുന്പാണ് കോളനിയിൽ നിന്നും 20 കിലോമീറ്റർ മാറി ഉൾക്കാട്ടിൽ ജീപ്പ് മറിഞ്ഞ് ചിത്രയുടെ ഭർത്താവ് ബാബു (40), അച്ഛൻ രാജഗോപാൽ (60) എന്നിവർ മരിച്ചത്.
അപകടത്തിൽ ചിത്രക്കും സാരമായ പരിക്കേറ്റു. നെറ്റിയിൽ നല്ല മുറിവുണ്ടായി. അത് ഭേതപ്പെട്ട് വരുന്നതേയുള്ളു.
ശരീരവേദനയും അസഹനീയമാണെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം ചിത്രയുടെ ഭർതൃമാതാവ് വള്ളിക്കുട്ടിയും മരിച്ചു. ഒരു വർഷം മുന്പ് ചിത്രയുടെ ഏക സഹോദരൻ മോഹനൻ കാട്ടിനുള്ളിൽ തേൻ ശേഖരണവുമായി ബന്ധപ്പെട്ട സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഒരു വേദന തീരുംമുന്പേ മറ്റൊന്ന് എന്ന നിലയിൽ വേദനകളുടെ ആഴകയങ്ങളിലാണ് ചിത്ര. ഉറ്റവരുടെ അടുപ്പിച്ചുള്ള മരണങ്ങൾ ചിത്രയെ വല്ലാതെ തളർത്തിയിട്ടുണ്ട്.
പറക്കമുറ്റാത്ത നാല് കുട്ടികളുമായി വേണം ചിത്രക്കിനി ജീവിത വഴികളിലൂടെ പൊരുതി കയറാൻ.