പുതിയതെരു: പയ്യന്നൂരിലെ ദളിത് ഓട്ടോറിക്ഷ ഡ്രൈവർ ചിത്രലേഖയുടെ ചിറക്കൽ കാട്ടാന്പള്ളിയിലെ വീടിന്റെ മെയിൻ കോൺക്രീറ്റ് വിഷുകഴിഞ്ഞാലുടൻ ആരംഭിക്കും. കഴിഞ്ഞ ദിവസം ആരംഭിച്ച സൺഷേഡിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായി. കെ.എം. ഷാജി എംഎൽഎയുടെ നേതൃത്വത്തിലാണു വീട് പണിനടക്കുന്നത്. ഗൾഫിലെ ഗ്രീൻവോയ്സ് എന്ന സംഘടനയുടെ സഹായവും വീട് നിർമാണത്തിനു ലഭിച്ചിട്ടുണ്ട്.
ഉമ്മർചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണു കാട്ടാന്പള്ളിയിൽ അഞ്ച് സെന്റ് ഭൂമി അനുവദിച്ചത്. ഇത് ഇടതുസർക്കാർ റദ്ദ് ചെയ്തതോടെയാണു വിവാദമായത്. ചിത്രലേഖയുടെ ഭൂമി റദ്ദുചെയ്താലും എന്തുവില കൊടുത്തും വീടുപണി പൂർത്തിയാക്കി ചിത്രലേഖയെ വീട്ടിൽ താമസിപ്പിക്കുമെന്നു യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചതോടെയാണു പ്രവൃത്തികൾ വേഗത്തിലായത്.
ചിത്രലേഖയ്ക്കു പിന്തുണയുമായി ബിജെപി നേതാക്കളും സേവാഭക്തിയുമാണ് ആദ്യമെത്തിയത്. തുടർന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമസഭാകക്ഷി ലീഡർ ഡോ. എം.കെ. മുനീർ, ഷാനിമോൾ ഉസ്മാൻ എന്നിവർ കാട്ടാന്പള്ളിയിലെ വീട്ടിൽ എത്തിയിരുന്നു.
മൂന്നുദിവസത്തെ സൺഷേഡ് കോൺക്രീറ്റ് പ്രവൃത്തിക്കു സിദ്ദീഖ് പുന്നക്കൽ, ഷറഫുദ്ദീൻ കാട്ടാന്പള്ളി, റിജിൽ മാക്കുറ്റി എന്നിവർ നേതൃത്വം നൽകി. ഇനി ചെങ്കല്ലുകൾ വച്ചു തിരിച്ചതിനുശേഷം മെയിൻ കോൺക്രീറ്റ് നടക്കുമെന്നു ഷറഫുദ്ദീൻ കാട്ടാന്പള്ളി രാഷ്ട്രദീപികയോട് പറഞ്ഞു. ദിവസേന വിവിധ ഭാഗങ്ങളിൽ നിരവധിപേരാണു ചിത്രലേഖയുടെ വീട് കാണാനെത്തുന്നത്.