കണ്ണൂർ: വനിതാ ദളിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖയ്ക്ക് ഉമ്മൻചാണ്ടി സർക്കാർ നൽകിയ അഞ്ച് സെന്റ് ഭൂമി തിരിച്ചെടുത്ത സർക്കാർ ഉത്തരവിനെതിരേ ചിത്രലേഖയും കുടുംബവും സമരത്തിനിറങ്ങുന്നു. ഉമ്മൻചാണ്ടി സർക്കാർ അഞ്ചുസെന്റ് നൽകിയ ചിറക്കൽ വില്ലേജിലെ പുഴാതിയിലാണ് ഇത്തവണ സമരം നടത്തുന്നത്. ഇതിനിടയിൽ ചിത്രലേഖയ്ക്ക് പുതിയവീട് നിർമിച്ചു നൽകുമെന്ന് പറഞ്ഞ് സേവാഭാരതി രംഗത്തെത്തിയിട്ടുണ്ട്.
സേവാഭാരതിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ ചിത്രലേഖയുടെ വീട് നിൽക്കുന്ന സ്ഥലം സന്ദർശിച്ച് വീട് നിർമിച്ചു നൽകാമെന്ന് ഉറപ്പ് നൽകി. സംസ്ഥാന സമിതിയംഗം എം. രാജീവൻ, കെ.ജി. ബാബു, മഹേഷ്, ശ്രീകുമാർ, സജീവൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
പയ്യന്നൂർ എടാട്ടെ ചിത്രലേഖയ്ക്ക് ഭൂമി നൽകി ഉമ്മൻചാണ്ടി സർക്കാർ 2016 ഡിസംബർ 18ന് ഇറക്കിയ ഉത്തരവാണ് സർക്കാർ റദ്ദാക്കിയത്.
ഗവർണറുടെ ഉത്തരവു പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറിയാണ് നോട്ടീസിറക്കിയത്. ലഭിച്ച സ്ഥലത്ത് ചിത്രലേഖയുടെ വീടുനിർമാണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്. കരമടയ്ക്കുന്ന ആറുസെന്റ് സ്ഥലം വേറെയുണ്ടെന്ന കാരണത്താലാണ് ഭൂമി തിരിച്ചെടുക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. കൈവശാധികാരിയായ ജല വിഭവവകുപ്പിന്റെ എതിർപ്പ് മറികടന്നും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ഭൂമി ചിത്രലേഖയ്ക്ക് കൈമാറിയതെന്ന് പുതിയ ഉത്തരവിലുണ്ട്.
തപാലിൽ വന്ന ഉത്തരവ് ചിത്രലേഖ ഇന്നലെ കൈപ്പറ്റി. 1995ലെ മുനിസിപ്പൽ കോർപറേഷൻ ഭൂമി പതിവ് ചട്ട (21) പ്രകാരമാണ് ചിറക്കൽ വില്ലേജിലെ പുഴാതിയിൽ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ചിത്രലേഖയ്ക്ക് സൗജന്യമായി അനുവദിച്ചത്. നേരത്തെ ലഭിച്ച സ്ഥലം വാസയോഗ്യമല്ലെന്ന് കാണിച്ച് നൽകിയ പരാതിത്തുടർന്നാണ് പുതിയ സ്ഥലം അനുവദിച്ചത്.
സ്ഥലത്ത് വീടിന്റെ സൺഷേഡ് വരെ പണി പൂർത്തിയായിക്കഴിഞ്ഞു. കെ.എം. ഷാജി എഎൽഎ ഇടപെട്ടാണ് വീടുപണിക്കുള്ള തുക കണ്ടെത്തിയത്. വീടുപണിക്കു വേണ്ടി അനുവദിച്ച അഞ്ചുലക്ഷം രൂപ ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ റദ്ദാക്കിയിരുന്നു.