വെഞ്ഞാറമൂട്: പ്രതിസന്ധികളിൽ തളരാതെ പൊരുതിനേടിയ ജീവിത കഥയാണ് നർത്തകി ചിത്രാമോഹന്റേത്. ഇനി എന്ത് എന്ന് ചിന്തിച്ച് ജീവിതം വഴിമുട്ടി നിൽക്കുന്ന സ്ത്രീകൾക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുകയാണ് ചിത്രാമോഹന്റെ വിജയഗാഥ.
ഒന്പതാം വയസിൽ തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ ആരംഭിച്ച ജീവിതം 66 വയസ് പിന്നിടുമ്പോൾ കനൽപദങ്ങളിലൂടെ നടന്നു കയറിയത് കേരളനടനത്തിന്റെ നെറുകയിലേക്ക്.
തിരുവനന്തപുരം പട്ടണത്തിന്റെ ഹൃദ്യഭാഗമായ ശാസ്തമംഗലം ശങ്കർ ലെയിനിൽ സി 20 ജ്യോതിയിൽ നടന ഭൂഷണം ചിത്രാമോഹൻ കേരളനടനം എന്ന കേരളീയ കലയ്ക്കായി ഉഴിഞ്ഞുവച്ചത് തന്റെ സ്വന്തം ജീവിതത്തെ തന്നെയാണ്.
കോട്ടയം ജില്ലയിൽ ജനിച്ച ചിത്രാമോഹൻ എട്ടാം വയസിൽ ആദ്യമായി സ്റ്റേജിൽ കയറി. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ആദ്യത്തെ പേരില്ലാത്ത കേരളനടനം അവതരിപ്പിച്ചു.
ഒന്പതാം വയസിൽ അച്ഛന്റെ വിയോഗത്തെത്തുടർന്ന് ജീവിതം തിരുവനന്തപുരം ശ്രീ ചിത്ര പുവർ ഹോമിലായി. പിന്നീട് നീണ്ട പന്ത്രണ്ടു വർഷം അവിടെ തന്നെയായിരുന്നു ജീവിതം.
1975 ൽ സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്നും ഡിപ്ലോമ നേടി. തുടർന്ന് ആലപ്പുഴ നങ്യാർ കുളങ്ങരയിൽ കോൺവന്റ് ബഥനി സ്കൂളിൽ ജോലി ലഭിച്ചു.
കുറച്ചുനാൾ കഴിഞ്ഞു വിവാഹം. പിന്നീട് വീണ്ടും തിരുവനന്തപുരത്തേക്ക്. ആ യാത്രയാണ് ചിത്രയുടെ ജീവിതത്തിനു വഴിത്തിരിവിലായത്.
തിരുവന്തപുരത്തു നിന്നും അടുത്ത യാത്ര ഡൽഹിയിലേക്ക്.അവിടെ എട്ടുവർഷം, ഒപ്പം അടുത്ത സംസ്ഥാനങ്ങളിൽ കേരളനടനത്തിന്റെ പ്രചാരണവുമായി യാത്ര നടത്തി.
അൻപത്തിയൊന്നാം വയസിൽ ഹരിയാനയിൽ ഔർ ലേഡി ഓർ ഫാത്തിമ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.
ഈ കാലയളവിൽ ഒക്കെയായി കേരളനടനത്തിന്റെ പ്രചരണം നടത്തുകയും പഠന ക്ലാസ് ആരംഭിക്കുകയും ചെയ്തു. നിരവധി വിദ്യാർഥികളാണ് ചിത്രയുടെ ചൈതന്യ ജ്യോതി നടന വിദ്യാലയത്തിൽ നിന്നും കേരളനടനം അഭ്യസിച്ചത്. തുടർന്ന് 2012ൽ വീണ്ടും തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറി.
2013 ൽ വെഞ്ഞാറമൂട് ആലന്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന രംഗപ്രഭാതിൽ. ശേഷമുള്ള ജീവിതം ഇവിടെ തന്നെയാണ്.സംസ്ഥാനവുമായി ബന്ധപ്പെട്ടുള്ള കലയായ കേരള നടനം 1999ൽ ആണ് സംസ്ഥാന സർക്കാർ അംഗീകരിച്ചത്.
1950 കാലഘട്ടത്തിൽ കേരളത്തിലെ ഏക നൃത്തരൂപമായിരുന്നു ഇന്നത്തെ കേരള നടനം. ആദ്യകാലത്തു കഥകളി നടനം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
ഗുരു ഗോപിനാഥൻ രാഗിണിയാണ് ഇതിന്റെ ഉപജ്ഞാതാവ്. 45 വർഷമായി കേരളനടനം ആടുന്ന ചിത്രക്ക് 2017 ൽ തീർഥപാദ മണ്ഡപത്തിൽ അവതരിപ്പിച്ച പ്രശസ്ത എഴുത്തുകാരൻ പ്രഭാവർമ്മയുടെ “ശ്യാമമാധവം ‘ എന്നും മനസിൽ തങ്ങിനിൽക്കുന്ന ഒന്നാണ്.
ആനന്ദ കൃഷ്ണനെ വിഷാദ കൃഷ്ണൻ ആക്കുന്ന വിഷയമായിരുന്നു അത്. അന്യ ഭാഷ കലകൾ കേരളത്തിന്റെ സ്വന്തം കലയായ കേരള നടനത്തെ കൊല്ലുകയാണ്.
കലയെ കൊല്ലാതിരിക്കാൻ വളർന്നു വരുന്ന കലാകാരന്മാർ ശ്രമിക്കണമെന്നും, മറ്റു കലകൾക്കൊപ്പം കേരള നടനവും പഠിപ്പിക്കാൻ നൃത്താധ്യാപകർ തയാറാകണമെന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനം വേദിയിൽ സ്ഥിരം വിധികർത്താവായി എത്തുന്ന ചിത്ര മോഹന് പറയാനുള്ളത്.
നിലവിൽ ഡൽഹിയിൽ മൂന്നുപേരും വെഞ്ഞാറമൂട് രംഗപ്രഭാതിൽ പതിനൊന്നുപേരും ചിത്രയുടെ കീഴിൽ കേരളനടനം അഭ്യസിക്കുന്നുണ്ട്.
താൻ ചെയ്യുന്ന ജോലിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ആരുടേയും സഹായമില്ലാതെ കേരളനടനം എന്ന കലാരൂപത്തെ പ്രശസ്തമാക്കുവാനും, നിലനിറുത്തുവാനും വേണ്ടി പ്രയത്നിച്ചത്.