എട്ടാം വയസിൽ കാലിൽ ചിലങ്കയണിഞ്ഞ ചിത്ര മോഹൻ ഇന്ന് സപ്തതിയുടെ നിറവിലാണ്. നൃത്തം ജീവിതമാക്കിയ ചിത്ര വിധി തീർത്ത കനൽപ്പാത താണ്ടിയാണ് കേരള നടനത്തിന്റെ പ്രചാരകയായത്.
പ്രായത്തെ വെറും നമ്പറാക്കി ആറ് പതിറ്റാണ്ട് പിന്നിടുന്ന നൃത്തസപര്യ. പിതാവിന്റെ മരണത്തോടെ കുഞ്ഞു ചിത്ര ഒൻപതാം വയസിൽ തിരുവനന്തപുരം ശ്രീചിത്രാ പുവർ ഹോമിലെ അന്തേവാസിയായി, മനസുനിറയെ നൃത്തവുമായി. ചിത്രാ ഹോമിലെ നൃത്ത, ബാലേ ഡ്രൂപ്പുകളിൽ അംഗമായി. പിന്നിട് വേദികളിൽ നിന്ന് വേദികളിലൂടെ നൃത്ത പരിപാടികളുമായി സഞ്ചരിച്ചത് 12 വർഷങ്ങൾ. ഇന്ന് പ്രായം 70.
വട്ടിയൂർക്കാവ് ചിത്ര നഗറിൽ താമസിക്കുന്ന നടനഭൂഷണം ചിത്ര മോഹന് ഇന്നും വിശ്രമമില്ല. കേരളനടനം എന്ന കേരളീയ കലയ്ക്കായി ഇവർ ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്നു.
പ്രതിസന്ധികളിൽ തളരാതെ പൊരുതുന്ന നർത്തകി. നൃത്തം ഉപാസനയാണ് ഇവർക്ക്. ഇനി എന്ത് എന്ന ചിന്തയിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന സ്ത്രികൾക്ക് തന്റെ അനുഭവങ്ങൾ അക്ഷരങ്ങളാക്കി അടുത്തിടെ പ്രകാശനം ചെയ്ത ‘ഓർമ്മകൾ ‘ എന്ന പുസ്തകത്തിലൂടെ പ്രചോദനവും ആത്മവിശ്വാസവും പകരുകയാണ് ചിത്ര മോഹൻ.
കോട്ടയം ജില്ലയിലാണ് ചിത്രയുടെ ജനനം. 1975 ൽ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും ഡിപ്ലോമ നേടി. എട്ടു സംസ്ഥാനങ്ങളിൽ കേരളനടനത്തിന്റെ പ്രചാരവുമായി യാത്ര നടത്തി. ആയിരകണക്കിന് ശിഷ്യസമ്പത്ത്. 1950 കാലഘട്ടത്തിൽ കേരളത്തിലെ ഏക നൃത്തരൂപമായിരുന്നു ഇന്നത്തെ കേരളനടനം.
2019 ൽ കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്ക്കാരം, 2022 ൽ ഗുരു ഗോപിനാഥിൻ്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നൃത്തസപര്യ പുരസ്ക്കാരം പ്രഖ്യാപിച്ചെങ്കിലും ഇതേവരെ ചിത്രയ്ക്ക് ആ ബഹുമതി സർക്കാർ സമ്മാനിച്ചിട്ടില്ല. അർഹതയുണ്ടായിട്ടും കിട്ടാത്ത അംഗീകാരങ്ങളോട്… ആനുകൂല്യങ്ങളോട്…ഒന്നിനോടും, ആരോടും പരിഭവമില്ല ഈ നർത്തകിക്ക്.
അവഗണിക്കപ്പെട്ടിട്ടും നിലയ്ക്കാത്ത പോരാട്ടത്തെ കുറിച്ച് ചോദിച്ചാൽ മറുപടി ഇത്രമാത്രം… “”നൃത്തം എന്റെ ജീവശ്വാസമാണ്. കേരളനടനം അംഗീകരിക്കപ്പെട്ടല്ലോ..? ഞാൻ സംതൃപ്തയാണ്.” പുഞ്ചിരിയും സങ്കടവും വെവ്വേറെ കോണുകളിൽ ഒതുക്കിക്കൊണ്ട് ഈ നർത്തകി പറയുന്നു.