ചെറുതുരുത്തി: അനാഥമന്ദിരം സൂപ്രണ്ടായ ചിത്രയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവും സംഘവും ഇന്നലെ പോലീസിൽ കീഴടങ്ങി. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്നു ഇവർ.
പാലക്കാട് മുട്ടിക്കുളങ്ങര അനാഥ മന്ദിരത്തിലെ സൂപ്രണ്ട് ചെറുതുരുത്തി കാട്ടിൽമന റോഡിനു സമീപം മണ്ണിൻകോട്ട് വീട്ടിൽ പരേതനായ ശിവശങ്കരന്റെ മകളാണ് ചിത്ര. രണ്ടു വർഷക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം.
ബുധനാഴ്ച രാത്രി പത്തോടെയാണ് ഭർത്താവ് മോഹനനും രണ്ടംഗ സംഘവും ചേർന്ന് ചിത്രയെ വീട്ടിൽവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പോലീസ് പ്രതിക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയിരുന്നു. മണ്ണാർക്കാട് സ്വദേശിയായ മോഹനൻ സ്കൂൾ അധ്യാപകനായിരുന്നു. ഇയാൾ ജോലിയിൽനിന്ന് സ്വയം വിരമിച്ചതാണ്.
ഇവർ തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. മകൻ എംബിബിഎസ് വിദ്യാർഥിയാണ്. പ്രതികളെ വടക്കാഞ്ചേരി സിഐ എ.മാധവൻകുട്ടിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് തെളിവെടുപ്പു നടത്തും.