ചിറ്റാർ: വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ചിറ്റാറിൽ വൻ നാശനഷ്ടം. മരങ്ങൾ വ്യാപകമായി കടപുഴകിയും ഒടിഞ്ഞുവീണുമാണ് നഷ്ടമേറെയുമുണ്ടായത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡുകളിൽ മരം കടപുഴകി ഗതാഗതവും മുടങ്ങി.
മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലിലും പല ഭാഗങ്ങളിലും നാശമുണ്ടായി. ശക്തമായ കാറ്റൽ കൃഷിയിടങ്ങൾക്കും നാശം നേരിട്ടു. വൻമരങ്ങൾ കടപുഴകിയതോടെ വൈദ്യുതി ബന്ധവും പൂർണമായി തടസപ്പെട്ടു. ചിറ്റാർ പുത്തൻപറന്പിൽ സുമേഷിന്റെ വീടിന്റെ മേൽക്കൂരയിൽ ഇട്ടിരുന്ന ആസ്ബറ്റോസ് കാറ്റത്ത് പറന്നുപോയി ചിറ്റാർ കന്പിപാലം താഴത്തുവീട്ടിൽ റ്റി. എം. ജോസിന്റെ പശുതൊഴുത്ത് പൂർണമായി തകർന്നു.
ചിറ്റാർ താഴോലിൽ ജോണ്‍സന്റെ വീടിന്റെ മേൽക്കൂരയിൽ മരം വീണ് വീട് തകർന്നു. ചിറ്റാർ എസ് കെആർ ബിൽഡിംഗ്സിന്റെ മേൽക്കൂര പൂർണമായി നിലം പതിച്ചു. വെളളത്തറയിൽ ബഷീറിന്റെ നൂറുകണക്കിന് റബർ മരങ്ങൾ കടപുഴകി. ശക്തമായ കാറ്റിൽ വാഴ, കപ്പ തുടങ്ങിയവയ്ക്കും നാശമുണ്ടായി. മണക്കയം പാറയടിൽ സുഗതന്റെ വീടിന്റെ മേൽകൂരയിൽ മരം കടപുഴകി വീട് ഭാഗികമായി തകർന്നു.
കോടാലിമുക്ക് പറവനേത്ത് രാജുവിന്റെ കാറിനു മുകളിലേക്ക് മരം വീണ് കാർ ഭാഗികമായി തകർന്നു. ഇടിമിന്നലിൽ 86 പളളിപടിക്ക് സമീപം ഈട്ടിമരത്തിന് തീ പിടിച്ചു. ചിറ്റാർ – ആങ്ങമൂഴി പാതയിൽ വൻമരം കടപുഴകിയതിനാൽ ഈ റൂട്ടിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
സീതത്തോട്ടിൽ നിന്നും ഫയർഫോഴ്സെത്തിയാണ് മരം മുറിച്ചു മാറ്റിയത്. കൃഷിയിടങ്ങളിൽ വ്യാപകമായ നാശമാണുണ്ടായിരിക്കുന്നത്. വൈദ്യുതി ബന്ധവും താറുമാറായി. ഇലക്ട്രിക് പോസ്റ്റുകൾ വൻതോതിൽ ഒടിഞ്ഞു.