അതിർത്തി ഗ്രാമത്തിൽ നീലജലാശയത്തിന്റെ പൊലിമയിൽ രണ്ടു പേരുകളിൽ അറിയപ്പെടുന്ന അണക്കെട്ടുകൾ സഞ്ചാരികൾക്ക് പ്രിയമായി മാറുന്നു. പട്ടണംകാൽ ഒന്നും പട്ടണംകാൽ രണ്ട് എന്നും വിളിക്കുന്ന ചിറ്റാർ അണക്കെട്ടാണിത്. ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ് ഇവിടെ. ഇവിടെ മൽസ്യവകുപ്പ് ഡാമിൽ വളർത്തുന്ന മീനുണ്ട്.
അത് വിൽപ്പന നടത്തും . അതിനാൽ ശുദ്ധജല മൽസ്യം വാങ്ങാൻ വൻ തിരക്കുണ്ട്. മാത്രമല്ല മൽസ്യങ്ങളുടെ രുചി മേളം തീർക്കുന്ന നിരവധി ഭക്ഷണശാലകളും ഇവിടുത്തെ പ്രത്യേകതയാണ്. അതിനാലാണ് സഞ്ചാരികൾ ഇവിടെ എത്തുന്നത്.
പശ്ചിമഘട്ട താഴ്വാരങ്ങളിലൂടെയാണ് ചിറ്റാർ ഒഴുകിയെത്തി കടുക്കറയ്ക്ക് സമീപം സംഗമിച്ച് പട്ടണംകാൽ ഒന്നും പട്ടണംകാൽ രണ്ടും എന്നും അറിയപ്പെടുന്ന അണക്കെട്ടുകൾ രൂപാന്തരപ്പെട്ടത്. ചങ്കിലി മുതൽ മണ്ണടി വരെ ഈ ജലാശയം വ്യാപിച്ച് കിടക്കുന്നു.
കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിനാവശ്യമായ ജലമെത്തിക്കുകയാണ് ഈ അണക്കെട്ടിന്റെ പ്രധാന ലക്ഷ്യം.1960 കളിൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്റെ ബുദ്ധിയിലുദിച്ച പദ്ധതിയായിരുന്നു അണ ഒന്ന് എന്നും അണ രണ്ട് എന്നും അറിയപ്പെടുന്ന ചിറ്റാർ അണക്കെട്ട്. കളിമണ്ണ്, കരിപ്പുകട്ടി, മുട്ട, മണൽ തുടങ്ങിയവ ചേർത്ത് നിർമ്മിച്ച ഈ അണക്കെട്ടിന് മണ്ണണ എന്ന പേരും ലഭിച്ചിരുന്നു.
ചുറ്റും കട്ടപിടിച്ച റബർ മരങ്ങളും പശ്ചിമഘട്ട സഹ്യാദ്രി മേടുകളും നീലിമയാർന്ന നിശ്ചല ജലാശയത്തെ കൂടുതൽ മനോഹരിയാക്കുന്നു. ഇടയ്ക്കെങ്ങാനും വന്നു പോകുന്ന മയിൽ കൂട്ടങ്ങൾ, കാട്ടുകോഴി, മാനുകളും സഞ്ചാരികൾക്ക് ഹൃദ്യമായ വിരുന്നുകളാണ് ഒരുക്കുക.
സഞ്ചാരികൾക്ക് തൃപ്പരപ്പ് വെള്ളച്ചാട്ടം കണ്ട് കന്യാകുമാരിയിലെത്താനുളള എളുപ്പ മാർഗവും ഈ രാജപാത തന്നെയാണ്. തുറന്ന ജയിലായ നെട്ടുകാൽത്തേരി, തുറന്ന മാൻപാർക്ക്, സഫാരി പാർക്ക്, പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളിലൊന്നായ അഗസ്ത്യമുനി മേടുകളും ഈ പാതയിൽ നിന്ന് ഏറെ വിദൂരമല്ല.