അടൂര്‍: പതിനഞ്ചാം കേരള നിയമസഭയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാര്‍. കഴിഞ്ഞ പത്ത് വര്‍ഷം അടൂരിന്റെ എംഎല്‍എ ആയിരുന്ന ചിറ്റയം ഗോപകുമാറിന് അര്‍ഹതയ്ക്കുള്ള അംഗീകാരമായി പുതിയ സ്ഥാനലബ്ധി.
ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടെയും മകനായി 1965 മേയ് 31ന് കൊട്ടാരക്കരയിലെ ചിറ്റയം ഗ്രാമത്തില്‍ ജനിച്ച കെ. ജി. ഗോപകുമാര്‍ എഐഎസ്എഫ്-ലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.
എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം, എഐടിയുസി കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന് കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1995ല്‍ കൊട്ടാരക്കര ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച ചിറ്റയം ആദ്യ അവസരത്തില്‍ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി. 2009ല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായിരുന്നു ചിറ്റയം ഗോപകുമാര്‍.
സംവരണ മണ്ഡലമായ അടൂരില്‍ 2011ല്‍ ആദ്യ അങ്കത്തിനിറങ്ങി. അന്ന് പന്തളം സുധാകരനെയും 2016ല്‍ കെ.കെ. ഷാജുവിനെയും പരാജയപ്പെടുത്തി. ഇത്തവണ എം.ജി. കണ്ണനെയാണ് തോല്പിച്ചത്.
പാര്‍ട്ടി ഏല്പിക്കുന്ന ഏതൊരു ഉത്തരവാദിത്തവും നൂറ് ശതമാനം സത്യസന്ധമായി ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ ലഭിച്ച ഈ അവസരവും അമിത സന്തോഷം ഇല്ലാതെ തികഞ്ഞ ആത്മാര്‍ഥതയോടെ തന്നെ വിനിയോഗിക്കുമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
നിലവില്‍ കേരളസര്‍വകലാശാല സെനറ്റ് അംഗമാണ്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐറ്റിയുസി കശുവണ്ടി തൊഴിലാളി യൂണിയന് കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറിയും, എഐറ്റിയുസി കര്‍ഷക തൊഴിലാളി യൂണിയന് ദേശീയ കമ്മറ്റി അംഗവും,
ആശാവര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റും കെറ്റിഡിസി എംപ്ലോയീസ് യൂണിയന് സംസ്ഥാന പ്രസിഡന്റും, പട്ടികജാതി കോര്പറേഷന് സ്റ്റാഫ് യൂണിയന് സംസ്ഥാന പ്രസിഡന്റും, ഇപ്റ്റ, യുവ കലാസാഹിതി എന്നിവയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.
ഭാര്യ :- സി. ഷേര്‍ലി ഭായി (ഹൈക്കോടതി കോര്‍ട്ട് ഓഫീസര്‍ ആയിരുന്നു, വോളന്ററി റിട്ടയര്‍മെന്റ് എടുത്തു )മക്കള്‍ :- അമൃത, (അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപിക), അനുജ ( തിരുവനന്തപുരം ലോ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനി).