പത്തനംതിട്ട: കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നു മാസത്തിനിടെ ജില്ലയില്‍ ലഭിച്ചത് 197ശതമാനം അധികമഴ. കേരളത്തില്‍ 135 ശതമാനം അധികമഴ ഇക്കാലയളവില്‍ ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചിട്ടുള്ളതും പത്തനംതിട്ടയിലാണ്. 1338. 4 മില്ലിമീറ്റര്‍ മഴയാണ് മാര്‍ച്ച് മുതല്‍ ജില്ലയില്‍ ലഭിച്ചത്. 451 മില്ലിമീറ്റര്‍ മഴയാണ് ഇക്കാലയളവില്‍ പ്രതീക്ഷിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴയാണ് ലഭിച്ചിട്ടുള്ളത്.
പത്തനംതിട്ട കഴിഞ്ഞാല്‍ തിരുവനന്തപുരത്താണ് അധികമഴ കൂടുതലായുള്ളത്. തിരുവനന്തപുരത്ത് 188 ശതമാനം അധികമഴ ലഭിച്ചു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഇതു വ്യക്തമാക്കുന്നത്.
2018നെ അപേക്ഷിച്ചും അധികമഴയാണ് ഇപ്പോള്‍ പത്തനംതിട്ടയില്‍ ലഭിച്ചിട്ടുള്ളത്. അടുത്തയാഴ്ച എത്തുമെന്നു കരുതുന്ന കാലവര്‍ഷം ശക്തമായാല്‍ പത്തനംതിട്ടയില്‍ പ്രളയം അതിരൂക്ഷമായേക്കുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ തന്നെ നദികളെല്ലാം കരകവിഞ്ഞിരുന്നു.
14, 15 തീയതികളില്‍ ടൗട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ച മഴയിലും നദികള്‍ കരകവിഞ്ഞ് വെള്ളമെത്തിയിരുന്നു. പ്രധാന ജലസംഭരണികളില്‍ ജലനിരപ്പ് 40 ശതമാനം നിലനില്ക്കുമ്പോള് തന്നെ പമ്പയിലും അച്ചന്‍കോവിലിലും പ്രഭവ മേഖലകളില്‍ നിന്നു തന്നെ പ്രളയസാധ്യത കണ്ടുവരുന്നത് അപകടകരമായ സൂചനയായി വിലയിരുത്തുന്നു.
ശക്തമായ മഴ പ്രഭവകേന്ദ്രങ്ങളില്‍ ലഭിക്കുന്നതാണ് ഇതിനു കാരണം. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിലും പമ്പ, കക്കി സംഭരണികളിലേക്കുള്ള നീരൊഴുക്കിലും ഇതു പ്രകടമാകുന്നുണ്ട്. അച്ചന്‍കോവില്‍ തൂവല്‍മലയില്‍ നിന്നുദ്ഭവിക്കുന്ന അച്ചന്‍കോവില്‍ നദിയിലും കഴിഞ്ഞദിവസങ്ങളില്‍ വെള്ളം പൊടുന്നനെ ഉയരുകയായിരുന്നു.