അടൂർ: പൊതുമരാമത്ത് പണികൾക്ക് ഫണ്ട് അനുവദിച്ചിട്ടും സമയബന്ധിതമായി പണി പൂർത്തീകരിക്കാതിരുന്നാൽ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു ചിറ്റയം ഗോപകുമാർ എംഎൽഎ അറിയിച്ചു. എൽഡിഎഫ് സർക്കാരിനെയും എംഎൽഎയെയും പൊതുജനങ്ങൾക്ക് മുന്നിൽ മോശപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർ ശ്രമിച്ചാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും എംഎൽഎ പറഞ്ഞു.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമരാമത്ത് റോഡുകൾക്കും കെട്ടിടങ്ങൾക്കുമായി 400 കോടിയിലധികം ഫണ്ട് അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. അതു നിർവഹിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
അടൂർ മണ്ഡലത്തിൽ കിഫ്ബി പ്രോജക്റ്റിലൂടെയും സംസ്ഥാന ബജറ്റിലൂടെയും സർക്കാർ ഫണ്ട് അനുവദിച്ചിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത പൊതുമാരമത്ത് റോഡുകളുടെ പണി ഉടൻ ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു. സാങ്കേതിക കാരണങ്ങൾ പണി ആരംഭിക്കാൻ കഴിയാതെ മുടങ്ങിക്കിടന്ന റോഡുകളുടെ നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് എംഎൽഎ വിളിച്ചു ചേർത്ത പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചതായി എംഎൽഎ പറഞ്ഞു.