പെരുമ്പാവൂര്‍: വെങ്ങോലയിൽ അടച്ചു പൂട്ടിയ ചിട്ടിക്കമ്പനിയിലെ ജീവനക്കാരാണന്നുപറഞ്ഞ് പിരിവിനെത്തിയവരെ ചിട്ടിക്കുചേർന്നിരുന്നവർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. രണ്ടുവർഷം മുമ്പ് ചിട്ടി പൊളിഞ്ഞതിനെത്തുടർന്ന് അടച്ചു പൂട്ടിയ ഒരു ചിട്ടി കമ്പനിയുടെ പേരിൽ വെങ്ങോലയിൽ പിരിവിനെത്തിയ ജീവനക്കാരെ ഉപഭോക്താക്കൾ തടഞ്ഞു ചോദ്യം ചെയ്യുകയും ഇത് സംഘർഷത്തിലേക്കെത്തുകയുമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ഉപഭോക്താക്കൾ സിഐയ്ക്ക് പരാതി നല്കി.10,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ കിട്ടാനുള്ളവര്‍ പരാതി നല്‍കിയവരിലുണ്ട്. രണ്ട് വര്‍ഷം മുമ്പ് സാമ്പത്തിക തിരിമറി നടത്തി ഉപഭോക്താക്കളെ കബളിപ്പിച്ചതിനെത്തുടർന്ന് ചിട്ടി കമ്പനി പൂട്ടിയിരുന്നു. ഇത്തരത്തിൽ ചിട്ടിയിൽ കൂടിയ നിരവധി പേർക്ക് പണം ലഭിക്കാതിരുന്നതിനെത്തുടർന്ന് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ചിട്ടി പിടിച്ചവരിൽനിന്നു പണപ്പിരിവിനായി കമ്പനി ജീവനക്കാർ വെങ്ങോലയിൽ എത്തിയത്.
ഇതാണ് ഉപഭോക്താക്കൾ പ്രകോപിതരാകാൻ കാരണം. ഭൂരിഭാഗം പേരും കമ്പനിയുടെ അറക്കപ്പടി ബ്രാഞ്ചിലാണ് ചിട്ടി കൂടിയിരുന്നത്. പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് പാസ് ബുക്ക് രേഖകളുള്ളവര്‍ക്ക് ജൂലൈ 15 നകം പണം നല്‍കാമെന്ന് കമ്പനി ഉടമകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് വേണ്ടി കമ്പനിയുടെ ഹെഡോഫീസ് എറണാകുളത്ത് ആരംഭിച്ചതായും അദാലത്ത് വഴി പണം നല്‍കാമെന്നും പോലീസ് അറിയിച്ചു.