തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി സ്ഥാപന ഉടമയെ സ്ഥാപനത്തിനകത്ത് കയറി മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണമാലയും കവർന്ന കേസിൽ പിടിയിലായ പർദധാരി യുവതിയാണെന്നറിഞ്ഞതോടെ ഞെട്ടിയത് നാട്ടുകാർ.
കഴിഞ്ഞ 21ന് രാവിലെയാണ് പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനയുടമ കീഴത്ത് വീട്ടിൽ കെ.എൻ സുകുമാരമേനോനെ (75) പർദ്ദ ധരിച്ചു വന്ന അക്രമി സ്ഥാപനത്തിനകത്തു വച്ച് മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തിയ മിശ്രിതം ഒഴിച്ച് ആക്രമിച്ച് 3 പവന്റെ സ്വർണ്ണമാലയും പതിനായിരം രൂപയുമായി കടന്നു കളഞ്ഞത്.
അക്രമിയുടെ കായികമായ ശേഷി കാരണം പുരുഷൻ പർദ ധരിച്ചു വന്ന് ആക്രമിച്ചതാണെന്നാണ് ഭൂരിഭാഗമാളുകളും കരുതിയത്. എന്നാൽ ചൊവ്വാഴ്ച്ച രാവിലെ പാലക്കാട് നിന്നും കേസിലെ പ്രതിയായ പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല (35) യെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് നാട്ടുകാരും സുകുമാരമേനോനും ഞെട്ടിയത്.
എന്ന് മാത്രമല്ല തന്റെ വീടിനടുത്ത് ഫ്ലാറ്റിൽ താമസിക്കുന്ന, തന്റെ ചിട്ടി ഫണ്ടിൽ മറ്റാളുകളുടെ പേരിൽ നാല് ചിട്ടിയെടുത്തിട്ടുള്ള, വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാറുള്ള, ഓഫീസിൽ പല തവണ വന്നിട്ടുള്ള യുവതിയാണ് അക്രമിയെന്ന് സ്വപ്നത്തിൽപോലും സുകുമാരൻ വിചാരിച്ചിരുന്നില്ല. രാവിലെ സമയം സുകുമാരൻ ഓഫീസിൽ തനിച്ചാണെന്ന കാര്യം മനസ്സിലാക്കിയ പ്രതി കൃത്യമായ കണക്കുകൂട്ടലുകളോടെ കവർച്ച നടത്തിയെങ്കിലും പർദ വേഷധാരികൾ കാര്യമായിട്ടില്ലാത്ത തൃപ്പൂണിത്തുറയിൽ കൂടുതൽ സമയം പർദ ധരിച്ചാൽ പിടിയിലാകുമെന്ന ആശങ്കയിൽ റോഡിൽനിന്നു തന്നെ പർദ മാറ്റിയതെല്ലാം സിസിടിവി കാമറയിൽപ്പെട്ടതാണ് പ്രതിയെ പെട്ടെന്ന് തന്നെ കുടുക്കിയത്.
പരിശോധിച്ചത്
25 സിസിടിവി കാമറകൾ
25 ഓളം സിസിടിവി കാമറകൾ പരിശോധിച്ചും നിരവധി ഓട്ടോ, ബസ് തൊഴിലാളികളോട് വിവരങ്ങൾ ശേഖരിച്ചുമാണ് പോലീസ് അന്വേഷണം മുന്നോട്ടു പോയത്.
അക്രമത്തിന് ശേഷം ഓട്ടോറിക്ഷയിൽ കണ്ണൻകുളങ്ങരയിൽ വന്നിറങ്ങി പർദ അഴിച്ച് മാറ്റി ഓടുന്നതും തിരിച്ച് നടന്ന് വരുന്നതുൾപ്പെടെ സിസിടിവി കാമറിയിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ കൂടത്തായി മാതൃകയിൽ വധശ്രമക്കേസിൽ ശിക്ഷയനുഭവിച്ച ഫസീലയാണെന്ന് കണ്ടെത്തിയത്. പ്രതിയുടെ പശ്ചാത്തലമറിഞ്ഞതോടെ കൂടുതൽ അപകടങ്ങളുണ്ടാകാതെ സുകുമാരമേനോൻ രക്ഷപ്പെട്ടല്ലോയെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
ഹിൽപാലസ് സ്റ്റേഷൻ എസ്എച്ച്ഒ ആനന്ദ് ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ടോൾസൺ ജോസഫ്, രേഷ്മ, എഎസ്ഐ രഞ്ജിത്ത് ലാൽ, എസ്സിപിഒ പോൾ മൈക്കിൾ, ബൈജു, സി.എൽ. ബിന്ദു, സിപിഒ അൻസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.