തിരുവനന്തപുരത്തിന്റെ മീശപ്പുലി മല -ഈ വാചകം സമൂഹമാധ്യമങ്ങളിൽ പടർന്നിട്ട് അധികം നാളായിട്ടില്ല. നെയ്യാർഡാമിനും പേപ്പാറയ്ക്കും അഗസ്ത്യമലയിലും ആനനിരത്തിയ്ക്കും മീൻമുട്ടിയ്ക്കും ഒപ്പം വിനോദ സഞ്ചാരികൾക്ക് പ്രിയമായി മാറുകയാണ് പരുത്തിപ്പള്ളി റേഞ്ചിലെ ചിറ്റിപ്പാറ.
നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ്, ശുദ്ധവായു ശ്വസിക്കാനും മനസിലും ശരീരത്തിലും കോടമഞ്ഞിന്റെ തണുത്ത സ്പർശമേൽക്കാനും ചിറ്റിപ്പാറപോലെ ഇതിലും പറ്റിയ മറ്റൊരു സ്ഥലമില്ലെന്നു തന്നെ പറയാം.ലോകം കാൽച്ചുവട്ടിൽ ആണെന്നു തോന്നും. മനസി ന്റെ ഭാരം മുഴുവൻ ആ കാറ്റിൽ പറത്തി, ആർത്തു വിളിക്കാൻ തോന്നും.
ചിറ്റിപ്പാറ
നെയ്യാറിനും പേപ്പാറയ്ക്കും ഇടയ്ക്കുള്ള പരുത്തിപ്പള്ളി വനം റെയ്ഞ്ചിലെ ചൂളിയാമല സെക്ഷൻ പരിധിയിലാണ് ചിറ്റിപ്പാറ . കുന്നിൻമുകളിൽ ഏതുനിമിഷവും അടർന്നുവീഴാവുന്ന സ്ഥിതിയിൽ ഒരു പാറയുടെ മുകളിൽ മറ്റൊരു പാറ എന്ന രീതിയിൽ ആണ് ഈ കൂറ്റൻ പാറ ഐതിഹ്യകഥകളോടെ നിലകൊള്ളുന്നത്.
ആദിവാസി ഉൗരുകൾ ഉൾപ്പെടുന്ന മലയടി, ചിറ്റിക്കോണം, പൊൻപാറ തുടങ്ങിയ പ്രദേശങ്ങൾക്കു മുകളിലായാണ് വശ്യമനോഹരമായ ഈ പാറയുടെ സ്ഥാനം.സമുദ്രനിരപ്പിൽ നിന്ന് 800 മീറ്റർ ഉയരത്തിലുള്ള ചിറ്റിപ്പാറ ഒരു കിതപ്പോടുകൂടിയല്ലാതെ നമുക്ക് കീഴടക്കാനാവില്ല. ഉയരം കൂടും തോറും യാത്രയുടെ ത്രിൽ കൂടുന്നതാണ് യാത്ര. ചിറ്റിപ്പാറ നിന്നു നോക്കിയാൽ അഗസ്ത്യമല, നെയ്യാർ, പേപ്പാറ, പൊൻമുടി എന്നിവ കാണാനാകും.
അനുഭൂതി
ദുർഘടമായ പാത നടന്ന് മുകളിലെത്തുന്പോൾ കാഴ്ചയ്ക്ക് അതിർത്തി തീർത്തു കൊണ്ട് നിൽക്കുന്ന വലിയ മലകൾക്കു താഴെ പച്ച വിരിച്ചു നിൽക്കുന്ന പുൽമേടുകളും കെട്ടിടങ്ങളും പോരാത്തതിന് വെള്ള മേഘങ്ങൾ നിറഞ്ഞ തെളിഞ്ഞ നീലാകാശവുമാണ് വരവേൽക്കുന്നത്. കോടമഞ്ഞിന്റെ തണുപ്പും ആശ്ലേഷവും കുന്നുകളുടെ സൗന്ദര്യവും വല്ലാതെ വിസ്മയിപ്പിക്കും. പ്രകൃതിയെ മനോഹരമായി വരച്ച് ഒരു ക്യാൻവാസിൽ കാണുന്നതു പോലെ അതിനെ ആസ്വദിക്കാനും കഴിയും.
സമുദ്ര നിരപ്പിൽ നിന്നു രണ്ടായിരത്തിലധികം അടി മുകളിൽ നിന്ന് മണിക്കൂറിൽ 60/70 കി.മീ. വേഗത്തിൽ വീശിയടിക്കുന്ന കാറ്റും കൊണ്ട് സൂര്യസ്തമയം കാണണം. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ് ചിറ്റിപ്പാറ നൽകുന്നത്. അതിരാവിലെയും വൈകുന്നേരവും ആണ് കാഴ്ചയ്ക്ക് മനോഹരിത കൂടുതൽ. കോടമഞ്ഞു പൊതിയുന്ന കേരളത്തിലെ മറ്റു ഹിൽസ്റ്റേഷനുകളെ പോലെ തന്നെ മനോഹരമാണ് നമ്മുടെ ചിറ്റിപ്പാറയും.
ഭൂമി എല്ലാവരുടെയും സ്വന്തമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിനോബാ ഭാവെയുടെ നേതൃത്വത്തിൽ ഐതിഹാസികമായ ഭൂദാനയാത്രയോടനുബന്ധിച്ച് അദ്ദേഹം 1957 ഏപ്രിൽ 15നാണ് കേരളാതിർത്തിയിൽ പ്രവേശിച്ചത്. യാത്രക്കിടയിൽ അദ്ദേഹം വിനോബ നികേതൻ സന്ദർശിച്ച്, അന്നവിടെ മെഴുകിയ നിലത്ത് അന്തിയുറങ്ങി. ഗവർണറും മുഖ്യമന്ത്രിയും വിനോബ നികേതനിലെത്തി അദ്ദേഹത്തോടൊപ്പം ഏറെ സമയം ചെലവഴിച്ചു.
പതിനൊന്ന് ഗ്രാമദാനങ്ങളാണ് അവിടെ പ്രഖ്യാപിക്കപ്പെട്ടത്. അതിന്റെ സാംസ്കാരിക തിരുശേഷിപ്പുകൾ നമുക്കിപ്പോഴും അവിടെ കാണാം.വിനോബ ഭാവെ, തന്റെ ആത്മീയപുത്രിയായി അംഗീകരിച്ചത് ഒരു മലയാളിയെയാണെന്ന് അധികംപേർക്കറിയില്ല. എ.കെ. രാജമ്മ എന്ന ആ വലിയ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വിനോബ അന്തിയുറങ്ങിയ വിനോബനികേതൻ ആശ്രമത്തിലെ അന്നത്തെ അതേ പുല്ലുമേഞ്ഞ മുറിയിൽത്തന്നെ. അതിനു സമീപത്താണ് ചിറ്റിപ്പാറ.
യാത്രയ്ക്ക് ഒരുങ്ങും മുൻപ്
2015ൽ സഞ്ചാരികൾക്കും നാട്ടുകാർക്കും കൗതുകവും അന്പരപ്പുമുളവാക്കി ചിറ്റിപ്പാറയുടെ ഒരുഭാഗം വൻ ശബ്ദത്തോടെ അടർന്നുവീണിരുന്നു. ഭൂകന്പ സമാനമായിരുന്നു ആ സംഭവം. സമീപത്തെ പഞ്ചായത്തുകളിൽ പോലും അന്നതിന്റെ പ്രകന്പനം ഉണ്ടായി. ഇപ്പോൾ ചിറ്റിപാറ ദൂരെനിന്ന് നോക്കുകയാണെങ്കിൽ അന്ന് അടർന്നു മാറിയതിന്റെ അടയാളം കാണുവാൻ കഴിയും.
അപ്പോൾ തന്നെ ഉൗഹിക്കാമല്ലോ ഈ ഭീമന്റെ വലുപ്പം.അതിനാൽ തന്നെ ഇവിടയേക്ക് എത്തുന്നത് വളരെ സൂക്ഷിച്ചുവേണം. സന്ദർശിക്കാൻ താല്പര്യമുള്ളവർ ദയവായി പ്ളാസ്റ്റിക് കൊണ്ടു പോകാതിരിക്കുക. അപായകരമായ അനുകരണങ്ങൾ വേണ്ട. അപകടകരമായ രീതിയിൽ സെൽഫി എടുക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് ഉത്തമം.
കാട് മനോഹരമാണ് എന്നാലത് അപകടങ്ങൾ പതിയിരിക്കുന്നതുമാണ്. ശാന്തമായ പ്രകൃതിയുടെ ഭാവം എപ്പോൾ വേണമെങ്കിലും മാറാം. സ്വയം അപകടത്തിലേക്ക് നടന്നു കയറരുത്. വനം വകുപ്പിന്റെ ഓഫീസ് ഇതിനുടുത്തായി കാണാം. ഇവിടെ രജിസ്റ്റർ ചെയ്തു വേണം പോകാൻ. ചില നിയന്ത്രങ്ങളും ഇവർ ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യം അടക്കമുള്ളവ നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് ഒഴിവാക്കുക.
ഏതുവഴി
ആര്യനാട്ട് എത്തി അവിടെ നിന്നും മലയടി വിനോബാനികേതൻ എന്ന സ്ഥലത്ത് ഇറങ്ങുക. അവിടെ നിന്നും അൽപ്പം മാറിയാണ് ചിറ്റമല. ഏതു സമയത്തും ഇതുവഴി കെ.എസ്.ആർ.ടി.സി ബസുകളും സമാന്തരവാഹനങ്ങളും
ഉണ്ടാകും.
സുനിൽകോട്ടൂർ