ചിറ്റൂർ: സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് വിദ്യാർഥികളടക്കം അന്പതോളം യാത്രക്കാർക്ക് പരിക്ക്. ഏതാനും പേരുടെ പരിക്ക് ഗുരുതരമെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാലക്കാട് ചിറ്റൂർ കല്യാണപ്പേട്ട കോരിയാർച്ചള്ളയിൽ തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു അപകടം.
വണ്ടിത്താവളം പാലക്കാട് വഴി ഓടുന്ന ശ്രീവത്സം എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസുടമ ശശിധരൻ (50), വിദ്യാർഥികളായ നിമ, ഉണ്ണിമായ, മറ്റു യാത്രക്കാരായ പ്രീത (45), കൃഷ്ണൻ (55), ശശികുമാർ (60), ദേവു (45) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ശശീധരന്റെ കാലൊടിഞ്ഞതിനെ തുടർന്ന് കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സ്കൂൾ സമയമായതിനാൽ ബസിൽ കൂടുതലും വിദ്യാർഥികളാണുണ്ടായിരുന്നത്. ചിറ്റൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സും പോലീസും സമീപവാസികളും ചേർന്നാണ് ബസിനകത്ത് അകപ്പെട്ടവരെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട ബസ് റോസിനു വലതു വശത്തെ വൈദ്യുതി പോസ്റ്റിലിടിച്ചശേഷമാണ് മറിഞ്ഞത്.