ചിറ്റൂർ: ഒഴിവുകാലവും നോന്പുകാലവും നന്മ പ്രവർത്തികളാൽ സന്പന്നമാണ് ചിറ്റൂർ കോളേജ് നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ. വരൾച്ചയനുഭവിക്കുന്ന പാലക്കാടിന്റെ തനത് ജലാശയങ്ങളായ മൂന്നു കുളങ്ങൾ നവീകരിച്ചതിനു പുറമേ തങ്ങളുടെ രണ്ടാമത്തെ സ്നേഹഭവന നിർമാണത്തിലും സജീവമാണ് ഈ വോളണ്ടിയർമാർ.
പട്ടഞ്ചേരി പള്ളത്താന്പുള്ളി സുകുമാരന്റെ ഭവനനിർമ്മാണം പൂർത്തിയാക്കിയ ഈ കൂട്ടായ്മ ഇപ്പോൾ പാലക്കാട് കൊടുന്പ് ചേപ്പിലംത്തിട്ട കണ്ടന്റെ കുടുംബത്തിനായുള്ള സ്നേഹഭവനനിർമാണത്തിന്റെ തിരക്കിലാണ്. കൊടുന്പ് പഞ്ചായത്തിന്റെ ധനസഹായവും ഇവർക്ക് ഏറെ സഹായകരമാണ്.
സണ്‍ ഷെയ്ഡ് വാർപ്പുവരെ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു. അടുത്തമാസം പ്രധാന വാർപ്പിനായുള്ള തിരക്കിലാണ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ കെ.പ്രദീഷ്, സി.ജയന്തി എന്നിവരുടെ നേതൃത്വത്തിലുള്ള ഈ സംഘം. വീടിന്റെ നിർമാണത്തിനായുള്ള അസ്ഥിവാരം കുഴിക്കൽ, കരിങ്കല്ലുകെട്ടൽ തുടങ്ങി പ്രധാന ജോലികളെല്ലാം വിദ്യാർഥികളുടെ പങ്ക് മുഴുവനും ഉണ്ടായിരുന്നു.
വരുന്ന ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടുകൂടി പൂർത്തിയാകുമെന്ന് എൻ എസ്എസ് പ്രോഗ്രാം ഓഫീസർമാരെ കൂടാതെ വിദ്യാർത്ഥി സെക്രട്ടറിമാരായ എം.ബി.ഷാബിർ, സായ് പ്രശാന്ത്, കെ. വൈഷ്ണ, എസ്.പ്രമോദ് എന്നിവർ പറഞ്ഞു.