ചിറ്റൂർ: മൂലത്തറ ഇടതുകനാൽ ബണ്ട് തകർന്നതിനെ തുടർന്ന് ആറു പഞ്ചായത്ത് പ്രദേശങ്ങളിൽ രണ്ടാംവിളയ്ക്ക് വെള്ളം ലഭിക്കില്ലെന്ന് കർഷകർക്ക് ആശങ്ക. ഇത്തവണ മൂലത്തറ ഇടതുകനാലിൽ ഏറെ വൈകിയാണ് വെള്ളംവിട്ടു തുടങ്ങിയത്. നടീൽ കഴിഞ്ഞതിനെ തുടർന്നു മിക്ക കർഷകരും വെള്ളത്തിനായി കാത്തിക്കുകയാണ്.
ഒരുവർഷംമുന്പ് റഗുലേറ്റർ പുനർനിർമാണം തുടങ്ങിയതുമുതൽ ഇടതുകനാലിൽ ക്രമംതെറ്റിയാണ് വെള്ളമെത്തുന്നത്. പാറമേട്ടിൽ കനാൽബണ്ട് തകർന്ന് വീടുകളിലേക്കും നെൽപാടങ്ങളിലേക്കും വെള്ളം കുത്തിയൊഴുകി നാശമുണ്ടായതിൽ നാട്ടുകാരും കർഷരും കടുത്ത പ്രതിഷേധത്തിലാണ്.
തകർന്ന കനാൽബണ്ടിനു താഴെയുള്ള താമസക്കാർ നിരവധിതവണ ബണ്ടിനു തകർച്ചാഭീഷണിയുണ്ടെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ചിറ്റൂർ ജലസേചന വകുപ്പ് അധികൃതർക്ക് പരാതി നല്കിയിരുന്നു. തുടർന്നു സ്ഥലം സന്ദർശിച്ച ജീവനക്കാർ അപകടാവസ്ഥ വിലയിരുത്തി ചോർച്ചതടയാൻ നടപടിയെടുക്കുമെന്ന് ഉറപ്പുനല്കി തിരിച്ചുപോയെങ്കിലും പിന്നിട് യാതൊരു നടപടിയുമുണ്ടായില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.
കുത്തിയൊഴുകിയ വെള്ളത്തിൽ മദ്രസ ക്ലാസുമുറികളിലും വെള്ളം കയറിയിരുന്നു. അധികൃതരുടെ തിരുത്തവാദ നടപടിക്കെതിരേ ജലസേചനമന്ത്രിക്കു പരാതി നല്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.