ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭ രൂപീകരിച്ച് 110 വർഷം കഴിഞ്ഞിട്ടും ഇതുവരേയും ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ കഴിയാത്തതിൽ നഗരസഭാവാസികൾക്ക് പ്രതിഷേധം. നഗരസഭയുടെ നൂറാം വാർഷികത്തിലും ഭരണകർത്താക്കൾ പൊതുജനമധ്യത്തിൽ നിരത്തിയ അജണ്ടയും ബസ്സ് സ്റ്റാൻഡ് നിർമ്മിക്കുമെന്ന പൊള്ളയായ വാഗ്ദാനമാണ്. മുൻ എംപി പി.കെ.ബിജു ബസ്് സ്റ്റാൻഡ് നിർമ്മാണത്തിന് ഒരു കോടി നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
എന്നാൽ വാഗ്ദാനം യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി നിരസിക്കുകയാണുണ്ടായത്. ഇതിനു കാരണം ഇടതുപക്ഷ എംപി യുടെ ഫണ്ടുപയോഗിച്ചാൽ അതു പൊതുജനങ്ങളിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നതാണെന്ന് നഗരസഭ ഇടതുപക്ഷ കൗണ്‍സിലർമാരുടെ ലീഡർ കണ്ണൻകുട്ടി കൗണ്‍സിൽ യോഗത്തിൽ വിമർശനമുയർത്തി . എംപി ഫണ്ടുപയോഗിച്ച് ബസ്സ്റ്റാൻഡിനു ഭൂമി വാങ്ങാൻ കഴിയില്ല എന്നാണ് ചെയർമാൻ കെ.മധുവിന്റെ വിശദീകരണം.
താലൂക്ക് ആസ്ഥാനമായ അണിക്കോട്ടിൽ ബസ് സ്റ്റാൻഡ് പണിയാൻ നിർവാഹമില്ലെന്ന നഗരസഭാ അധികൃതരുടെ വിലാ പത്തിൽ ആത്മാർത്ഥതയില്ലെന്നാണ് നിഷ്പക്ഷമതികളുടെ വിലയിരുത്തൽ. ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് തത്തമംഗലത്ത് കോടികൾ ചിലവഴിച്ച് ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യമാണ്. അണിക്കോട് മുതൽ കച്ചേരിമേട് വരെയുള്ള ഏഴു ബസ് സ്റ്റോപ്പുകൾക്കായി രണ്ടു വെയിറ്റിങ്ങ് ഷെഡ്ഡുകളാണുള്ളത്.
താലൂക്ക് ആശുപത്രിയിലേക്ക് ഒ.പി യിൽ മാത്രം 500 മുതൽ 600 വരെ രോഗികൾ എത്താറുണ്ട്. ഇവർക്ക് ബസ് കാത്തിരിക്കാൻ നഗരസഭ ഇതുവരെ ഒരു തണൽ കൂടാരം പോലും നിർമ്മിച്ചിട്ടില്ല. റോഡ് വക്കത്ത് പൊരിവെയിലിലും, വ്യാപാര സ്ഥാപന സണ്‍ ഷെയ്ഡുകളിലുമാണ് യാത്രക്കാർ ബസ്സിനു വേണ്ടി കാത്തു നിൽക്കുന്നത്. ഗവ: വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2000ത്തിലധികം വിദ്യാർത്ഥികൾ സ്കൂൾ വിട്ടാൽ ബസ്സിനായി അണക്കോടിന്റെ വിവിധ മൂലകളിൽ റോഡിലാണ് ദീർഘനേരം നിൽ ക്കേണ്ടതായി വരുന്നത്.
തീർത്തും സുരക്ഷിതമില്ലാതെ വിദ്യാർത്ഥികൾ റോഡിൽ ബസ് കാത്തു നിൽക്കുന്നത് രക്ഷിക്കാക്കളുടെ നെഞ്ചിടിപ്പ് കുട്ടുകയാണ്. ചിറ്റൂരിലെത്തി തിരിച്ചു പോകുന്ന മുപ്പതോളം ബസ്സുകൾ ജന തിരക്കേറിയ ചിറ്റൂർ മിനി സിവിൽ സ്റ്റേഷനു മുന്നിലുള്ള റോഡരികിലാണ് നിരത്തിയിടുന്നത്. വീതികുറഞ്ഞ റോഡിൽ ഇതുമൂലം ഗതാഗതതടസ്സവും പതിവായിരിക്കുകയാണ്.
പഞ്ചായത്തുകൾ തോറും ബസ് സ്റ്റാൻഡുകൾ നിർമ്മിച്ചിരിക്കുന്ന കാലഘട്ടത്തിൽ സംസ്ഥാനത്ത് ബസ് സ്റ്റാസ് ഇല്ലാത്ത എന്ന നഗരസഭ ചിറ്റർ തത്തമംഗലം മുനിസിപ്പാലിറ്റി മാത്രമാണ്. വിവിധ ആവശ്യങ്ങൾക്ക് വേണ്ടി സമരമുറകൾ നടന്ന ഇരട്ടപേരുള്ള ചിറ്റൂർ- തത്തമംഗലം നഗരസഭ കാര്യാലയ ത്തിനു മുന്നിൽ ബസ്സ് സ്റ്റാൻഡ് നിർമ്മാണത്തിന് വേണ്ടി ജനപക്ഷ സംഘടിത നൂതന പോരാട്ടത്തിന് കളമൊരുങ്ങുന്ന സൂചനകളുമുണ്ട്.