കിഴക്കമ്പലം: പുക്കാട്ടുപടി ജംഗ്ഷൻ കേന്ദ്രീകരിച്ച് ലഹരി വില്പനയ്ക്കു പുറമെ പണംവച്ചുള്ള ചീട്ടുകളിയും വർധിച്ചിട്ടും നടപടിയെടുക്കാതെ പോലീസ് ഒത്താശ ചെയ്യുന്നതായി പ്രദേശവാസികൾ. അവധി ദിവസങ്ങളിൽ ഇതര സംസ്ഥാനക്കാരാണ് ചീട്ടുകളിക്കു നേതൃത്വം നൽകുന്നത്.
കനാൽ ബണ്ട് റോഡിലെ ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിലും ജംഗ്ഷനോട് ചേർന്നുള്ള കെട്ടിടങ്ങളുമാണ് ഇവരുടെ വിഹാരകേന്ദ്രം. രാപ്പകൽ വ്യത്യാസമില്ലാതെയാണ് വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി ചീട്ടുകളി നടത്തുന്നത്.
അവധി ദിവസങ്ങൾക്കു പുറമെ ഇടദിവസങ്ങളിലും ചീട്ടുകളി സജീവമാണെന്ന് നാട്ടുകാർ പറഞ്ഞു.പ്രദേശത്ത് ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയും വില്പനയും തകൃതിയാണെന്ന് നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച് പല തവണ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പോലീസ് പിടികൂടിയാൽത്തന്നെ പണം കൊടുത്ത് കേസ് ഒതുക്കിത്തീർക്കുകയാണെന്നും ആരോപണമുണ്ട്.