കരുനാഗപ്പള്ളി : ഒരു നാടിന്റെ ദീർഘകാല സ്വപ്നം കിഫ്ബി പണം അനുവദിച്ചതോടെ പുതിയകാവ് ചിറ്റുമൂലമേൽപ്പാലം യാഥാർത്ഥ്യമാകുന്നു. പദ്ധതിക്കായി 29.91കോടി രൂപ സർക്കാർ കിഫ്ബി യിൽ നിന്നും അനുവദിച്ചു.ഏറെ തിരക്കുള്ള പുതിയകാവ് ചക്കുവള്ളി റൂട്ടിലെ ചിറ്റുമൂലലെവൽ ക്രോസ് അടച്ചിടുന്നതുമൂലം വലിയ യാത്രാദുരിതമാണ് വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചിരുന്ന് വന്നിരുന്നത്.
2017 ലെ എൽ ഡി എഫ് സർക്കാരിന്റെ ബജറ്റിലാണ് ആർ രാമചന്ദ്രൻ എം എൽ എ യുടെ നിർദ്ദേശപ്രകാരം മേൽപ്പാലം അനുവദിച്ചത്.തുടർന്ന് കേരളാ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ സാധ്യതാ പഠനവും റിപ്പോർട്ടും തയാറാക്കിയിരുന്നു. ഈ റിപ്പോർട്ടിനാണ് കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി യോഗം അംഗീകാരം നൽകിയത്.
കാട്ടിൽകടവ് ചക്കുവള്ളി റോഡിന്റെ പുനർനിർമ്മാണത്തിനായി കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും16.5 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ടി എസ് കനാലിന് കുറുകെ നിർമ്മിക്കുന്ന കാട്ടിൽകടവ് പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളും തുടങ്ങിക്കഴിഞ്ഞു.ഈ റോഡുംമേൽപ്പാലവും യാഥാർത്ഥ്യമാകുന്നതോടെ അഴീക്കൽ ഹാർബർ, അഴീക്കൽ ബീച്ച് എന്നിവയെ മലയോര മേഖലയുമായി വേഗത്തിൽ ബന്ധിപ്പിക്കാൻ കഴിയും.
ആധുനിക രീതിയിൽ ബിഎംആൻറ് ബിസി നിലവാരത്തിൽ നിർമ്മിക്കുന്ന കാട്ടിൽ കടവ് ചക്കുവള്ളി റോഡ് എം സി റോഡുവഴി തേനി ദേശീയപാതയിലേക്ക് ബന്ധിപ്പിക്കുന്നതിനും കഴിയും .ഇതോടെ ഈ റോഡിന് സംസ്ഥാന പദവിയും ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ആർ രാമചന്ദ്രൻ എം എൽ എ പറഞ്ഞു.അങ്ങനെയായാൽ മണ്ഡലത്തിലെ ഗതാഗത വികസനത്തിൽ അത് നിർണായക ചുവടുവയ്പ്പായി മാറും.