ചിറ്റൂർ: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ പോലീസിൽ കീഴടങ്ങി. ചിറ്റൂർ ജെടിഎസിനു സമീപം താമസിക്കുന്ന മാണിക്കൻ (45) ആണ് ഭാര്യ കുമാരി (35), മക്കളായ മനോജ് (14). മേഘ (12) എന്നിവരെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തിനും ഇന്നു പുലർച്ചെ അഞ്ചിനും ഇടയിലാണ് നാടിനെ നടുക്കിയ കൊലപാതകം.
മൂന്നു പേരേയും വെട്ടിക്കൊലപ്പെടുത്തിയതിനു ശേഷം ഇന്നു രാവിലെ ചിറ്റൂർ ആശുപത്രി ജംഗ്ഷനു മുന്നിലുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ച് ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. തുണികൾ ഇസ്തിരിയിട്ട് നൽകുന്ന ജോലിയാണ് മാണിക്കന്. സ്കൂൾ വിദ്യാർഥികളായ മനോജും മേഘയും ഏഴിലും ആറിലും പഠിക്കുന്നു.
മാണിക്കനെ കൂടുതൽ ചോദ്യം ചെയ്താലേ പൂർണവിവരങ്ങൾ ലഭ്യമാകൂ എന്ന് ചിറ്റൂർ പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് വൻ ജനക്കൂട്ടം കൊലപാതകം നടന്ന വീടിനു മുന്നിൽ തടിച്ചുകൂടി. മാണിക്കനെ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.