ചിറ്റൂര്‍: കോഴിപ്പോരിനിടെ പിടികൂടിയ പോരുകോഴികളെ, ചിറ്റൂർ പൊലീസ് സ്റ്റേഷനുമുന്നിൽ ലേലം ചെയ്തു.
പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ മിന്നൽ റെയ്ഡിലാണ് 2 പോരുകോഴികളെയും പതിനൊന്ന് ബൈക്കും പൊലീസ് പിടിച്ചെടുത്തത്.
പോരുകോഴികൾക്കായുള്ള ലേലം വിളിയിലും പോര് വ്യക്തമായിരുന്നു. ചിറ്റൂർ അത്തിക്കോട് വച്ചാണ് പൊങ്കലിനോട് അനുബന്ധിച്ച് കോഴിപ്പോര് നടന്നത്.
വിവരം അറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. ആളുകൾ ചിതറിയോടി. 2 പോര് കോഴികളും 11 ബൈക്കും രണ്ട് പ്രതികളും പൊലീസിൻ്റെ കയ്യിലകടപ്പെട്ടത്.
അറസ്റ്റിലായ സുഭാഷ്, പ്രദീപ് എന്നിവരുടെ കോഴികളെയാണ് ലേലം ചെയ്ത് നല്‍കിയത്.
രണ്ടു കോഴികൾക്കും കൂടി 7750 രൂപയാണ് പൊലീസിന് കിട്ടിയത്. കോടതിയിൽ കോഴിയെ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊകൊണ്ടാണ് ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്.
ചിറ്റൂർ സ്വദേശികളായ കുമാർ, വിഷ്ണു എന്നിവരാണ് പോരു കോഴികളെ ലേലത്തിൽ സ്വന്തമാക്കിയത്.
ഡിസംബറില്‍ ഇടുക്കിയിൽ ഒരു പൂവൻകോഴിയെ ലേലത്തിൽ വിറ്റത് 13,300 രൂപയ്ക്കാണ്. ഇടുക്കിയിലെ നെടുംകണ്ടം പരിവർത്തനമേട് ക്ലബ് പുനരുജ്ജീവിപ്പിക്കാനായിരുന്നു ലേലം സംഘടിപ്പിച്ചത്.
ലേലം വിളിക്കിടെ വാശി കയറുന്നതിനനുസരിച്ച് പൂവന്റെ വിലയും കൂടുകയായിരുന്നു. 10 രൂപയിൽ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 13300 രൂപയിലായിരുന്നു.
പരിവർത്തനമേടിൽ പ്രവർത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ് പുനരാരംഭിക്കാൻ സംഘടിപ്പിച്ച ലേലമായിരുന്നു റെക്കോർഡ് തുകയിലെത്തിയത്.
നാട്ടുകാരനായ ആലുങ്കൽ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അജിഷ് മുതുകുന്നേലാണു ലേലത്തിൽ പിടിച്ചത്.