ചിറ്റൂര്‍: താലൂക്ക് ആശുപത്രിയിലുള്ള ആംബുലന്‍സ് ഓട്ടം നിലച്ച് ആഴ്ചകളായിട്ടും ഇതുവരേയും ബദല്‍ സംവിധാനമേര്പ്പെടുത്തിയിട്ടില്ലെന്ന് പരാതി. താലൂക്ക് ആശുപത്രി സംരക്ഷണ സമിതി ചെയര്മാന് കണക്കമ്പാറ ബാബുവാണ് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയത്.
വാഹനത്തിന്റെ രജിസ്ട്രേഷന് കാലവധി കഴിഞ്ഞതാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നും ആര്.ടി.ഒ നിബന്ധനകള്‍ പ്രകാരം വാഹനം പുനര്‍ നിര്‍മ്മാണം നടത്തണമെങ്കില്‍ ഭീമമായ ചിലവു വരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുള്ള പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവര്‍ അടിയന്തര ചികിത്സക്ക് എത്തുന്നതിനും തിരിച്ചു വീട്ടിലേക്കു പോകുന്നതിനും ആംബുലന്‍സ് ചിലവു നല്‍കുമായിരു ന്നു. എന്നാല്‍ സ്വകാര്യ ആംബുലന്‍സിനെ ഉപയോഗിക്കുമ്പോള്‍ ഭീമമായ സംഖ്യ നല്‍കേണ്ടതായി വരുന്നു.
താലൂക്കില്‍ ആദിവാസികള്‍ ഉള്‍പ്പെടെ നിര്‍ധനകുടുംബങ്ങളാണ് കൂടുതലും താമസക്കാരായുളളത്. ദിവസേന നൂറുകണക്കിനു രോഗികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമാണെങ്കിലും ഇതു വാഹന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്കി ഉടന്‍ ആശുപത്രി എത്തിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
ഇതില്‍ മൃതദേഹം കൊണ്ടു പോവാന്‍ സാധ്യമല്ല. താലൂക്കില്‍ മുങ്ങിമരണങ്ങള്‍ സ്ഥിരം സംഭവമായിരിക്കുകയാണ്. മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്സ് പുറത്തെടുത്തു പോലീസിനു കൈമാറുകയാണ് പതിവ്. പിന്നീട് മൃതദേഹം മോര്ച്ചറിയിലെത്തിക്കേണ്ടതായ ചുമതല പോലീസി നാണ്. സ്വകാര്യ ആംബുലന്‍സില്‍ മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നത്.
എന്നാല്‍ ഇതിന് മരണപ്പെട്ടവരുടെ വിട്ടില്‍ നിന്നും വാടക കൊടുക്കേണ്ടതായിവരുന്നു. ആശുപത്രി ആംബുലന്‍സിന്റെ രജിസ്ട്രേഷന് കാലാവധി പൂര്‍ത്തിയായത് അറിഞ്ഞിട്ടും ഇതിനുള്ള നടപടികള്‍ താലൂക്ക് ആശുപത്രി അധികൃതരില്‍ നിന്നും ഉണ്ടായില്ലെന്ന പൊതു ജന ആരോപണവും ശക്തമാണ് .