തൃശൂർ: സ്വകാര്യ ചിട്ടി സ്ഥാപനങ്ങൾക്കു രജിസ്ട്രേഷൻ വകുപ്പിൽ നിന്നു ലഭിക്കേണ്ട സേവനങ്ങൾക്കു കാലതാമസം വരുന്നതിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപാകമായി പ്രക്ഷോഭം തുടങ്ങാൻ ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ സ്പെഷൽ കണ്വൻഷൻ തീരുമാനം.
കേന്ദ്ര ചിട്ടിനിയമം അനുസരിച്ചു കിട്ടാനുള്ള സേവനങ്ങൾക്കാണു കാലതാമസം വരുന്നത്. കുറി തുടങ്ങാനുള്ള മുൻകൂർ അനുമതി അപേക്ഷകൾ സബ് രജിസ്ട്രാർ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. കുറി തീർന്നശേഷം നിക്ഷേപ സംഖ്യ തിരിച്ചുകിട്ടാൻ നൽകുന്ന അപേക്ഷകൾ വച്ചുതാമസിപ്പിക്കുന്നതിനാൽ ചിട്ടി സ്ഥാപനങ്ങളുടെ കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നുമുണ്ട്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നത്. അസോസിയേഷൻ ചെയർമാൻ ഡേവിസ് കണ്ണനായ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.കെ. രവി അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.ടി. ജോർജ്, സെക്രട്ടറിമാരായ രഞ്ജിത്, ഡേവിസ് ആറ്റത്തറ, ടി. വർഗീസ് ജോസ്, സി.എൽ. ഇഗ്നേഷ്യസ്, സി.കെ. അനിൽകുമാർ, കെ.വി. ശിവകുമാർ, സെബി ഇരിന്പൻ എന്നിവർ പ്രസംഗിച്ചു.