വൈപ്പിൻ: നിക്ഷേപകരെ വഞ്ചിച്ച് 83 ലക്ഷം തട്ടിയെടുത്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നായരന്പലം ദി ട്രേഡിംഗ് ആൻഡ് ചിട്ടി ഫണ്ട്സ് ഡയറക്ടറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പോലീസ് കേസെടുത്തതിനെത്തുടർന്ന് ഒളിവിലായിരുന്ന ഡയറക്ടർ നായരന്പലം ഗുരുമന്ദിരത്തിന് സമീപം താമസിക്കുന്ന പുത്തലത്ത് ചന്ദ്രൻ മകൻ ഭൂഷണ് (51) ഇന്നലെയാണ് അറസ്റ്റിലായത്. ഇയാൾ മൂന്നാം പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഒന്നാം പ്രതിയായ മാനേജിംഗ് ഡയറക്ടർ നായരന്പലം കാട്ടിപ്പറന്പിൽ പ്രഭാകരന്റെ മകൻ ജോഷി (57) യെ കഴിഞ്ഞ ആഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു
. ഇയാൾ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ ഇനി മൂന്ന് ഡയറക്ടർമാരെക്കൂടി പിടികൂടാനുണ്ട്. മൂവരും ഒളിവിലാണ്. നിക്ഷേപം നടത്തിയവർക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതെ വന്നപ്പോൾ നിക്ഷേപകർ നൽകിയ പരാതിയിൽ ഞാറക്കൽ പോലീസാണ് കേസെടുത്തത്. 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചത്.
കൂടാതെ വിശ്വാസത്തിനായി കന്പനിയുടെ വാഗ്ദത്ത് പത്രവും നിക്ഷേപകർക്ക് നൽകി. ഗവ. സർവീസിൽനിന്നും വിരമിച്ച ചിലർ ഇവരുടെ റിട്ടയർമെന്റ് സമയത്ത് ലഭിച്ച ആനുകൂല്യങ്ങൾവരെ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ ബാങ്കിലെ കുറഞ്ഞ പലിശനിരക്കിലുള്ള നിക്ഷേപം പിൻവലിച്ചും ഇവിടെ നിക്ഷേപിച്ചവരും കൂട്ടത്തിലുണ്ട്.
പരാതിക്കാരുടെ എണ്ണവും തുകയുടെ വലുപ്പവും ഇനിയും വർധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഞാറക്കൽ സിഐ സജിൻ ശശി, എസ്ഐമാരായ സംഗീത് ജോബ്, ജോണ്സണ്, എഎസ്ഐ ഹരി, സിപിഒമാരായ എഡ്വിൻ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്.