തലശേരി: തലശേരി നഗരത്തില്‍ ചിട്ടി തട്ടിപ്പിലൂടെ സിഐടിയു നേതാവ് തട്ടിയെടുത്തത് ആറ് ലക്ഷം. പണം മടക്കി നല്‍കണമെന്ന പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം പാലിക്കാത്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നീക്കമാരംഭിച്ചു. ചൊക്ലി സ്വദേശിയായ നേതാവും പണം ലഭിക്കാനുള്ളവരും തമ്മില്‍ നടുറോഡില്‍ വാക്കേറ്റവും സംഘര്‍ഷം നടന്നു.
മല്‍സ്യ തൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളുമാണ് ചിട്ടി തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടത്.പണം ലഭിക്കാനുള്ളവര്‍ സിപിഎം ടൗണ്‍ ലോക്കല്‍ കമ്മറ്റിയെ സമീപിക്കുകയും പാര്‍ട്ടി മധ്യസ്ഥത വഹിക്കുകയും പണം മടക്കി നല്കാന് സാവകാശം നല്‍കുകയും ചെയ്തു.
എന്നാല്‍ മധ്യസ്ഥം നടന്ന് രണ്ടര മാസം പിന്നിട്ടിട്ടും പണം ലഭിക്കാതായതോടെയാണ് പണം നഷ്ടപ്പെട്ടവര്‍ നേതാവിനെ വഴിയില്‍ തടയാന്‍ തുടങ്ങിയത്. ഇത് പല തവണ സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ചിട്ടി നടത്തിപ്പിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ ഒരു വര്‍ഷം മുമ്പ് ചിട്ടി നിര്‍ത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചെങ്കിലും ഇയാള്‍ തയാറായിരുന്നില്ല. സിഐടിയുവിന്റെ പ്രമുഖ നേതാവാണ് സംഭവത്തില്‍ മധ്യസ്ഥത വഹിച്ചത്.
മധ്യസ്ഥ പ്രകാരം പണം മടക്കി നല്‍കാത്ത സാഹചര്യത്തില്‍ മറ്റ് നടപടികള്‍ ആലോചിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ക്ഷേമ പെന്ഷന് തട്ടിപ്പിനെ തുടര്‍ന്ന് സിപിഎം നേതാവ് കെ.കെ.ബിജു റിമാൻഡിലായതിനു പിന്നാലെയാണ് പുതിയ ചിട്ടി തട്ടിപ്പ് പുറത്ത് വന്നിട്ടുള്ളത്.