സ്വന്തം ലേഖകൻ
കണ്ണൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ കണ്ണൂർ അർബൻ നിധി സ്ഥാപനത്തിനെതിരേ മൂന്ന് കേസുകൾകൂടി രജിസ്റ്റർ ചെയ്തു.
ഇതോടെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം നാലായി. ഏച്ചൂർ ഗോപാല പീടികയിലെ വേണുഗോപാലന്റെ പരാതി ഉൾപ്പെടെ മൂന്ന് കേസുകളാണ് ഇന്ന് രജിസ്റ്റർചെയ്തത്.
വേണുഗോപാലന്റെ 85 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കൂടാതെ 22 ലക്ഷം, 14 ലക്ഷം നഷ്ടപ്പെട്ട രണ്ടു കേസുകൾ കൂടിയുണ്ട്. 59.5 ലക്ഷം രൂപ നഷ്ടപ്പെട്ട തലശേരി സ്വദേശിയായ ഡോ. ദീപക്കിന്റെ പരാതിയിൽ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർബൻ നിധിയുടെ അസിസ്റ്റന്റ് ജനറൽ മാനേജരും കണ്ണൂർ സ്വദേശിയുമായ ജീന, ജനറൽ മാനേജർ ചന്ദ്രൻ, ബ്രാഞ്ച് മാനേജർ ഷൈജു, എനിടൈം മണിയുടെ ഡയറക്ടർ ആന്റണി എന്നിവരും പ്രതികളാണ്. ഏഴ് ഡയറക്ടർമാരാണ് അർബൻ നിധിക്കുള്ളത്.
ഡയറക്ടർ തൃശൂർ കുന്നത്ത്പീടികയിൽ കെ.എം.ഗഫൂർ (46), സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർ മലപ്പുറം ചങ്ങരംകുളം മേലെപ്പാട്ട് വളപ്പിൽ ഷൗക്കത്ത് അലി (43) എന്നിവരെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാൻഡ് ചെയ്തു.
നൂറു കോടി രൂപയുടേതെങ്കിലും തട്ടിപ്പ് നടന്നതായാണു സൂചന. എന്നാൽ, ഇനിയും തുക കൂടുമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ മേൽനോട്ടത്തിൽ എസിപി ടി.കെ. രത്നകുമാർ, ടൗൺ സർക്കിൾ ഇൻസ്പെക്ടർ വിനു മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി 140 ഓളം പരാതികളാണ് കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഇതുവരെ ലഭിച്ചത്.
പണം നഷ്ടപ്പെട്ടവരിൽ പലരും രേഖാമൂലം പരാതി നൽകാനോ പരാതി നൽകിയവരിൽ പലരും മൊഴി നൽകാനോ തയാറാകുന്നില്ല.
ടൗൺ സ്റ്റേഷന്റെ പുറത്തുള്ളവരുടെ പരാതി അതാത് സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കുകയും വെവ്വേറെ കേസുകൾ രജിസ്റ്റർചെയ്യുകയും ചെയ്യും.