പറവൂർ: ആയിരക്കണക്കിനു നിക്ഷേപകരുടെ ചിട്ടിപ്പണവുമായി മുങ്ങിയ തത്വമസി ചിട്ടി സ്ഥാപന ഉടമയെ കണ്ടെത്തുന്നതിനുള്ള പോലീസ് അന്വേഷണം വേണ്ടവിധത്തിൽ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മറ്റ് പോലീസ് ഉന്നതർക്കും നിക്ഷേപകർ പരാതി നല്കി.
പണം നഷ്ടമായ അറുപതുപേരുടെ അഡ്രസും നഷ്ടമായ തുകയും രേഖപ്പെടുത്തി കിഴക്കേപ്രം കോട്ടയ്ക്കാപറന്പിൽ ഇന്ദുവിന്റെയും ഭർത്താവ് സുരേഷിന്റെയും നേതൃത്വത്തിലാണ് പരാതി കൊടുത്തത്.2017 ഓഗസ്റ്റിൽ പെരുവാരം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചിട്ടിസ്ഥാപനം പൂട്ടി ഉടമ ചെറായി തൈക്കൂട്ടത്തിൽ കിഷോർ സ്ഥലംവിടുകയായിരുന്നു.
നിരവധി കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും രണ്ടുവർഷമായി സ്ഥാപന ഉടമയെ പിടികൂടാനായിട്ടില്ല.ഉദ്യോഗസ്ഥരോട് ചോദിക്കുന്പോൾ നടപടികൾ പൂർണമായിട്ടില്ലെന്ന വിവരമാണ് നല്കുന്നത്. കേസ് സിബിഐയ്ക്ക് നല്കണമെന്ന് പരാതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.