തൃശൂർ: ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പു നടത്തി ഒളിവിൽ കഴിയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ മേധാവിയോടും മകനോടും പത്തു ദിവസത്തിനകം പോലീസിനു മുന്നിൽ കീഴടങ്ങണമെന്നു ഹൈക്കോടതി. ഹോംഫിറ്റ് ഫിനാൻസ് ആൻഡ് ലീസിംഗ് ലിമിറ്റഡ് (എച്ച്എഫ്എൽഎൽ) മാനേജിംഗ് ഡയറക്ടർ പുല്ലഴി സ്വദേശി എം.ജി. സുകുമാരൻ (64), മകൻ ജിതിൻ (32) എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണു ഹൈക്കോടതി കീഴടങ്ങാൻ ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവനുസരിച്ചു രണ്ടു ദിവസത്തിനകം ഇവർ വെസ്റ്റ് പോലീസിനു മുന്നിൽ കീഴടങ്ങും. കീഴടങ്ങാൻ 18 വരെ സാവകാശമുണ്ട്. നിരവധി പേരിൽനിന്ന് അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചു വഞ്ചിച്ചെന്നാണ് ആരോപണം. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകാൻ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു ചോദ്യം ചെയ്യാനുള്ള സാവകാശം കിട്ടുന്ന വിധത്തിൽ രാവിലെ പത്തുമണിക്കു മുന്പു കീഴടങ്ങണം.
ചോദ്യം ചെയ്യലിനുശേഷം വൈകുന്നേരം നാലിനു മുന്പ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളെ കോടതിയിൽ ഹാജരാക്കണം. ജാമ്യ ഹർജി സമർപ്പിക്കുകയാണെങ്കിൽ കീഴ്ക്കോടതിക്കു നീതിയുക്തമായ ഉത്തരവു പുറപ്പെടുവിക്കാവുന്നതാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി. ഉബൈദ് ഉത്തരവിൽ പറഞ്ഞു.
നാലര ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചു കുറുന്പിലാവ് കളരിക്കൽ വീട്ടിൽ ഗ്രീനോൾ (63) നൽകിയ പരാതിയിൽ രണ്ടു മാസം മുന്പ് പോലീസ് കേസെടുത്തിരുന്നു. സുകുമാരൻ നൽകിയ മുൻകൂർ ജാമ്യഹർജി ജില്ലാ കോടതി തള്ളി. സ്ഥാപനം അടച്ചുപൂട്ടിയെന്നും നിക്ഷേപത്തട്ടിപ്പിനു കൂടുതൽ പരാതികളുണ്ടെന്നും കേസ് ഡയറിയിൽനിന്നു വ്യക്തമാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ജില്ലാ കോടതിയുടെ ഉത്തരവിൽ പറഞ്ഞിരുന്നു. മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ സുകുമാരനും മകനും വെവ്വേറെ നൽകിയ അപ്പീലാണ് ഹൈക്കോടതി കീഴടങ്ങാൻ കൽപിച്ചുകൊണ്ട് തള്ളിയത്.
സ്ഥിരം നിക്ഷേപത്തുക തിരിച്ചുതരാമെന്നു വിശ്വസിപ്പിച്ചു രശീതികളെല്ലാം കൈക്കലാക്കി 46 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചു പാന്പൂർ സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ ജോസഫിന്റെ പത്നി ബെറ്റി (70) നൽകിയ കേസിലും ജില്ലാ കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പാലിച്ചില്ലെന്നു പ്രോസിക്യൂഷൻ ജില്ലാ കോടതിയിൽ വാദിച്ചിരുന്നു.