പൊൻകുന്നം: ചിട്ടിയിൽ പണം നഷ്ടപ്പെട്ടവർക്ക് പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ച ആശ്വാസ മായി.
ചിറക്കടവ് രണ്ടാംവാർഡിൽ അയൽക്കൂട്ടത്തിൽ നടത്തിയ ചിട്ടിയിൽ പണം നഷ്ടപ്പെട്ടവർക്ക് മൂന്നുമാസത്തിനുള്ളിൽ കൊടുത്ത് തീർക്കാമെന്ന് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
സിപിഎമ്മിന്റെ മുൻ വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വ ത്തിൽ ഒന്പത് സ്ത്രീകൾ ചേർന്ന് നടത്തിയ ചിട്ടിയിൽ ഒന്നരക്കോടി രൂപയോളം ആൾക്കാർക്ക് കിട്ടാനുണ്ട്.
മുൻ ധാരണപ്രകാരം പണം കൊടുക്കുമെന്ന് അറിയിച്ച ദിവസവും കിട്ടാതായതോടെ ജനങ്ങൾ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് ചർച്ചയും ധാരണയുമായത്.
ശനിയാഴ്ച വൈകുന്നേരം പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ചിട്ടിനടത്തിപ്പുകാർ ആകെ കൊണ്ടുവന്നത് 5,40,000 രൂപയാണ്. ഇതിൽ നിന്ന് 3000 രൂപ വീതമാണ് ഓരോരുത്തർക്കും നൽകാനായത്.
154 ആളുകൾ
ചിട്ടിയിൽ 154 പേർക്കാണ് പണം കിട്ടാനുള്ളത്. ഒന്നരലക്ഷം രൂപയുടെ ചിട്ടിയിൽ ഒരു ലക്ഷം രൂപയിലേറെ ഓരോരുത്തരും തവണ അടച്ചിട്ടുണ്ട്.
ചിട്ടിപ്പണം നടത്തിപ്പുകാർ വസ്തുവകകൾ വാങ്ങിക്കൂട്ടുന്നതിന് വിനിയോഗിച്ചതായാണ് ആരോപണം.
നടത്തിപ്പുകാരിൽ ചിലർ അടുത്തിടെ ആസ്തികൾ വാങ്ങുകയും ചിട്ടിപ്പണം ബ്ലേഡ് പലിശയ്ക്ക് വായ്പ കൊടുത്തതായും പരാതിക്കാർ പറഞ്ഞു.
ചിട്ടി വട്ടമെത്തുന്പോൾ ചികിത്സക്കും പെണ്മക്കളുടെ വിവാഹത്തിനും ഉപകരിക്കുമെന്നു കരുതി ചേർന്ന നിർധന കുടുംബങ്ങളാണ് ഏറെയും.
കൂലിപ്പണി ചെയ്തുകിട്ടിയ തുക മുഴുവൻ ചിട്ടിക്കിറക്കിയ സ്ത്രീകളുമുണ്ട്.
ലോക്ഡൗണ് കാലയളവിൽ യോഗങ്ങൾ ചേരാതെ സാന്പത്തിക ഇടപാടുകൾ ചിട്ടി നടത്തിപ്പുകാർ സ്വന്തംനിലയിൽ നടത്തിയതിനാൽ തട്ടിപ്പിന് കളമൊരുങ്ങി.
ഈ സമയം ചിട്ടിയുടെ കണക്കുകൾ ആരും ശ്രദ്ധിച്ചിരുന്നില്ലെന്നതും സ്വന്തമായി പണം കൈകാര്യം ചെയ്യാൻ നടത്തിപ്പുകാർക്ക് അവസരം കിട്ടി.
പാർട്ടിക്ക് ബന്ധമില്ല
ചിറക്കടവ് രണ്ടാംവാർഡിൽ ശാന്തിഗ്രാമിൽ നടന്ന ചിട്ടിതട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം പൊൻകുന്നം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പണം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ പാർട്ടി ജനങ്ങൾക്കൊപ്പമുണ്ടാവുമെന്നും സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ക്രമക്കേടുകളിൽ പാർട്ടിക്ക് ബന്ധമില്ലെന്നും ലോക്കൽ സെക്രട്ടറി കെ.സേതുനാഥ് അറിയിച്ചു.