നെന്മാറ: കുടുംബശ്രീ മുഖേന വായ്പയെടുത്ത് പണം തട്ടിയെടുത്ത സംഭവത്തിൽ നെന്മാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സണ് അറസ്റ്റിൽ.
കുടുംബശ്രീ ചെയർപേഴ്സണായ പേഴുംപാറ സൂര്യജിത്ത് നിലയത്തിൽ റീന സുബ്രഹ്മണ്യനെയാണ്(38) നെന്മാറ സിഐ എ.ദീപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
സംഭവത്തിൽ സിപിഎം മാട്ടുപ്പാറ മുൻ ബ്രാഞ്ച് സെക്രട്ടറി വി. അനിൽകുമാർ, ഇദ്ദേഹത്തിന്റെ ഫാം നോക്കിയിരുന്ന കുമാർ എന്നിവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നാലുപേർ ചേർന്ന് ജോയിന്റ് ലെയബിലിറ്റി(ജെ.എൽ.ജി) ഗ്രൂപ്പുകൾ രൂപീകരിച്ച് നെന്മാറ കനറാ ബാങ്ക് ശാഖയിൽ നിന്ന് വായ്പ എടുത്തു നൽകിയതിൽ വായ്പ തുക പൂർണമായി നൽകാതെ വഞ്ചിച്ചുവെന്ന് കാണിച്ച് വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകളാണ് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.
വാഴകൃഷി നടത്തുന്നതിനായി കുടുംബശ്രീ ശുപാർശ പ്രകാരം ബാങ്കിൽ നിന്ന് 20 യൂണിറ്റുകൾക്കായി 83 ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. നാലാൾ ഉൾപ്പെട്ട 17 ഗ്രൂപ്പുകൾക്ക് നാലു ലക്ഷം രൂപയും, അഞ്ചാളുകൾ ഉൾപ്പെട്ട മൂന്ന് ഗ്രൂപ്പുകൾക്ക് അഞ്ചു ലക്ഷം രൂപയും വായ്പ അനുവദിച്ചിരുന്നു.
അനുവദിച്ച വായ്പ തുകയിൽ മുഴുവൻ തുകയും നൽകാതെ ഓരോ യൂണിറ്റിനും ഓരോ ലക്ഷം രൂപ നൽകുകയും, ബാക്കി മൂന്നു ലക്ഷം രൂപ വീതം ഇവർ തട്ടിയെടുത്തുവെന്നുമാണ് പോലീസിൽ പരാതി നൽകിയത്.
കുടുംബശ്രീ അംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 12 കേസുകളാണ് നെന്മാറ പോലീസ് രജിസ്റ്റർ ചെയ്തത്. മുന്പ് കുടുംബശ്രീ വായ്പ നൽകുന്നതിനായി സമർപ്പിച്ച രേഖകൾ വീണ്ടും ഉപയോഗിച്ച് ക്രമക്കേട് കാണിച്ചാണ് വായ്പ എടുത്തിരിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം റീന സുബ്രഹ്മണ്യൻ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് അറസ്റ്റു ചെയ്തത്. സി.ഐ എ. ദീപകുമാർ, എസ്.ഐ മഹേഷ് കുമാർ, ടി.പി. നാരായണൻ, എൻ.സി ഗോപകുമാർ, എം.വി ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.