വിക്രമിന്റെ മകൻ ധ്രുവിന്റെ അരങ്ങേറ്റ വാർത്തകൾ മാധ്യമങ്ങൾ നന്നേ ആഘോഷിച്ചതാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ധ്രുവിന് അത്ര ഗുണം ചെയ്യുന്നതല്ല. തടസങ്ങൾ നിരവധിയാണ് ഈ താരപുത്രന് മുന്നിൽ തലപൊക്കിയത്. ബാലയുടെ വര്‍മയിലൂടെയാണ് താരപുത്രന് അരങ്ങേറുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്.
സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ടില് തൃപ്തരാവാതിരുന്ന നിര്‍മാതാക്കള്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നാലെ ബാലയും മറ്റ് സാങ്കേതികപ്രവര്‍ത്തകരും വര്‍മയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. അര്ജുന് റെഡ്ഡിയുടെ തമിഴ് റീമേക്കായാണ് വര്‍മ ഒരുങ്ങിയത്.
സംവിധായകനെയും അണിയറപ്രവര്ത്തകരെയുമൊക്കെ മാറ്റിയെങ്കിലും നായകനായി ധ്രുവിനെ നിലനിര്‍ത്തിയിരുന്നു. ആദിത്യ വര്‍മയെന്ന് സിനിമയ്ക്ക് പേരും നല്‍കിയിരുന്നു. ഗിരീശയ്യയാണ് സിനിമയൊരുക്കിയത്. ബനിത സന്ധുവാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പ്രിയ ആനന്ദും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ മറ്റ് ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഇതിനിടയിലാണ് വിക്രമിനെത്തേടി വക്കീല്‍ നോട്ടീസ് എത്തിയിട്ടുള്ളത്.സംവിധായകനായ ബാലയാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
നേരത്തെ വര്‍മയ്ക്കായി ചിത്രീകരിച്ച രംഗങ്ങള്‍ ആദിത്യ വര്‍മയ്ക്കായി ഉപയോഗിക്കരുതെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. താരപുത്രന്റെ അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ ഇതോടെ നിരാശയിലായിരിക്കുകയാണ്.
ആദിത്യ വര്‍മയ്ക്കായി കാത്തിരിക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു നോട്ടീസ് എത്തിയത്. താരപുത്രന്റെ അരങ്ങേറ്റം ഇതോടെ അലങ്കോലമാകുമോ എന്നുള്ള ആശങ്കയിലാണ് ഇപ്പോൾ ആരാധകർ.