ലാഹോർ: പാക്കിസ്ഥാനിൽ ഒന്പതു വയസുള്ള കുട്ടി പിതൃസഹോദരിയെ വെടിവച്ചു കൊന്നു. കുടുംബാംഗങ്ങളുടെ നിർദേശപ്രകാരമാണു കുട്ടി കൊലപാതകം നടത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ സർഗോധയിലാണു സംഭവം.
തോക്ക് ഉപയോഗിക്കുന്നതിൽ കുട്ടിക്കു കുടുംബാംഗങ്ങൾ പരിശീലനം നല്കിയിരുന്നുവെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു. മൂന്നു കുട്ടികളുടെ അമ്മയായ മുപ്പതുകാരിയാണു കൊല്ലപ്പെട്ടത്.
കുടുംബത്തിന്റെ താത്പര്യത്തിനു വിരുദ്ധമായി ഇവർ പത്തു വർഷംമുന്പ് വിവാഹിതയായിരുന്നു. പിന്നീട് യുവതിയുമായി കുടുംബം അനുരഞ്ജനത്തിലായി.
ചൊവ്വാഴ്ച മാതൃസഹോദരന്റെ വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ യുവതി എത്തിയിരുന്നു. ഇതിനിടെയാണ് യുവതിയെ ഒന്പതുകാരനായ സഹോദരപുത്രൻ വെടിവച്ചുകൊന്നത്. സംഭവത്തിനുശേഷം കുട്ടിയും കുടുംബാംഗങ്ങളും രക്ഷപ്പെട്ടു.
ദുരഭിമാനക്കൊല പാക്കിസ്ഥാനിൽ സാധാരണമാണ്. പാക്കിസ്ഥാനിൽ ഓരോ വർഷവും ആയിരത്തിലേറെ സ്ത്രീകൾ ഇപ്രകാരം കൊല്ലപ്പെടുന്നു.