വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം.
അതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്.
ബ്ലീച്ചിങ്ങ് പൗഡർ എത്ര അളവിൽ?
ബ്ലീച്ചിങ്ങ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് . സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുന്പോൾ
a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് ) ഏകദേശം അര ടേന്പിൾ സ്പൂണ്/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂണ്/ തീപ്പെട്ടി കൂട് = 20 -25 g) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേന്പിൾ സ്പൂണ് മതിയാകും .
c. 9 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 3 റിംഗിന് 1 ടേബിൾ സ്പൂണ് ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
d. 11 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 2 റിംഗിന് 1 ടേബിൾ സ്പൂണ് ബ്ലീച്ചിങ്ങ് പൗഡർ മതിയാകും.
എങ്ങനെ തയാറാക്കാം?
ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കന്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക .
അതിനു ശേഷം അഞ്ചു മിനിറ്റ് ഉൗറാൻ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളംനന്നായി ഇളക്കുക.
അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അൽപം കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽ നിന്നു പുറത്തേക്കു പോകാൻ സഹായിക്കും .
രൂക്ഷ ഗന്ധമാണെങ്കിൽ
കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം. അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ചേർക്കുക . രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറയും. (തുടരും)
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യകേരളം.