ഫിലിപ്പീൻസിലെ പത്താമത്തെ വലിയ ദ്വീപാണ് ബൊഹോൽ. പ്രകൃതി സൗന്ദര്യം തുളിന്പിനിൽക്കുന്ന കുന്നുകളും വെളുത്ത മണൽ വിരിച്ച കടൽത്തീരവും ഈ പ്രദേശത്തെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. ലോകത്ത് ഇവിടെ മാത്രമായി സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കി വച്ചിരിക്കുന്ന ഒരു കാഴ്ചയുണ്ട്.
ബെഹോലിലെ ചോക്ലേറ്റ് കുന്നുകൾ. കോണാകൃതിയിലുള്ള പച്ചപുതച്ച ആയിരക്കണക്കിന് ചെറുകുന്നുകളാണ് ചോക്ലേറ്റ് കുന്നുകൾ എന്നറിയപ്പെടുന്നത്. 50 ചതുരശ്രകിലോമീറ്റർ സ്ഥലത്തായി 1776 കുന്നുകൾ ഇവിടെയുണ്ട്. 30 മുതൽ 50 മീറ്റർ വരെയാണ് ഇവയിൽ മിക്കതിന്റെയും ഉയരം.
പുൽമേടുകളാണ് ഈ കുന്നുകൾ വേനൽക്കാലമാകുന്നതോടെ പുല്ലുകൾ കരിഞ്ഞ് ബ്രൗണ്‍ നിറത്തിലാകും. ഈ നിറമാണ് ഇവയ്ക്ക് ചോക്ലേറ്റ് കുന്നുകൾ എന്ന പേരുനൽകിയത്. പേര് ചോക്ലേറ്റ് കുന്നെന്നൊക്കെ ആണെങ്കിലും ശരിക്കും ഈ കുന്നുകളിലുള്ളത് ചുണ്ണാന്പുകല്ലുകളാണ്. ഈ ചോക്ലേറ്റു കുന്നുകളുടെ ഉത്പത്തിയെക്കുറിച്ച് രസകരമായ രണ്ടു കഥകളുണ്ട്. പണ്ട് വലിയ ശരീരമുള്ള ഒരു മനുഷ്യൻ ആകാശത്തുനിന്ന് ഇറങ്ങിവന്നത്രെ. ഇയാൾ ഈ പ്രദേശത്തുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി.
പെട്ടെന്നൊരു ദിവസം ഈ പെണ്‍കുട്ടി എന്തോ അസുഖം വന്ന് മരിച്ചു. ഇതിൽ സങ്കടപ്പെട്ട് കരഞ്ഞ ആ അതികായനായ മനുഷ്യന്റെ കണ്ണുനീർ തുള്ളികളാണ് ചോക്ലേറ്റ് കുന്നുകളായി മാറിയത്. അടുത്ത കഥയിലും വലിയ ശരീരമുള്ള ഒരു മനുഷ്യനാണ് നായകൻ. ഇയാൾ ഈ പ്രദേശത്തെ ഒരു സുന്ദരിയെക്കണ്ട് ഇഷ്ടപ്പെട്ട് അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു.
എന്നാൽ അത്രയും വലിയ മനുഷ്യനെ കല്യാണം കഴിക്കാൻ ആ പെണ്‍കുട്ടി തയാറായിരുന്നില്ല. പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി ആ വലിയ മനുഷ്യൻ തന്റെ ശരീരത്തിലെ അമിത വണ്ണം വിയർപ്പാക്കി പുറത്തു കളയാൻ തുടങ്ങി. ഈ വിയർപ്പുതുള്ളികളാണത്രെ ചോക്ലേറ്റ് കുന്നുകളായി മാറിയത്.
റോസ് മേരി ജോൺ