കോട്ടയം: വടക്കേ ഇന്ത്യയിൽ മാത്രം കൃഷി ചെയ്യുന്ന കാർഷിക വിളയായ ചോളം കേരളത്തിലും വിജയകരമായി കൃഷി ചെയ്തിരിക്കുകയാണ് അതിരന്പുഴ പാറോലിക്കൽ തറപ്പേൽ വി.എസ്. സെബാസ്റ്റ്യൻ എന്ന കർഷകൻ. തന്റെ വീടിനോടു ചേർന്ന കൃഷിയിടത്തിൽ അറുപതോളം ചോളം ചെടികൾ വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്.
സെബാസ്റ്റ്യന്റെ സഹോദരന്റെ മകൻ മണിപ്പൂരിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പഠിക്കുകയാണ്. അവിടെനിന്നുമാണു ചോളത്തിന്റെ വിത്ത് കൊണ്ടുവന്നത്. ഒരു കൗതുകമെന്ന നിലയിൽ സെബാസ്റ്റ്യൻ ചോളം കൃഷി പരീക്ഷിക്കുകയായിരുന്നു. ഒരു ദിവസം മുഴുവൻ വിത്തുകൾ വെള്ളത്തിൽ കുതിർത്ത ശേഷം തുണിയിൽ പൊതിഞ്ഞ് വീണ്ടും ഒരു ദിവസം കാത്തിരുന്ന് മുള വരുന്പോഴാണ് നടേണ്ടത്.
എന്നാൽ നല്ല മഴ ലഭിച്ചതിനാൽ ജൂലൈ അവസാനത്തോടെ സെബാസ്റ്റ്യൻ വിത്തുകൾ നട്ടു. ചാണകപ്പൊടിക്കു പുറമേ അൽപം രാസവളവും നൽകി. മൂന്നു മാസമായപ്പോഴേക്കും ചോളം പൂവിട്ടു. ഇപ്പോൾ കായ്കൾ മൂപ്പായി വിളവെടുപ്പിനു പാകമായിരിക്കുകയാണ്. നൂറുമേനി വിളവ് ലഭിച്ചതോടെ ചോളം നാട്ടിൽ വിളിയില്ലെന്ന ധാരണ മാറ്റിക്കുറിച്ചിരിക്കുകയാണ് ഈ കർഷകൻ.
ചോളം ഉണക്കിപ്പൊടിച്ച് പൊടിയെടുത്ത് ഉപ്പുമാവ്, പുട്ട് എന്നിവ ഉണ്ടാക്കാമെന്നാണ് സെബാസ്റ്റ്യന്റെ കണക്കു കൂട്ടൽ. നല്ല വിത്തുകൾ ശേഖരിച്ച് ചോളം കൃഷി കൂടുതൽ വിപുലീകരിക്കാനും പദ്ധതിയുണ്ട്. കപ്പ, വാഴ, വിവിധയിനം പച്ചക്കറികൾ എന്നിവ വർഷങ്ങളായി കൃഷി ചെയ്തുവരുന്ന സെബാസ്റ്റ്യൻ അതിരന്പുഴ കൃഷിഭവന്റെ കീഴിലുള്ള വിജയ പച്ചക്കറി സൊസൈറ്റിയുടെ സെക്രട്ടറിയാണ്.