കായംകുളം: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കുത്തകയായിരുന്ന ചോളക്കൃഷി നമ്മുടെ നാട്ടിലും വിജയകരമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കായംകുളം പത്തിയൂരിലെ കർഷകർ.പഞ്ചായത്തിലെ 19 വാർഡുകളിലായി 40 ഏക്കറിലധികം പുരയിടങ്ങളിലാണ് ഇപ്പോൾ ചോളക്കൃഷി വിജയകരമായി ചെയ്തിരിക്കുന്നത്.
ഭാരതീയ കാർഷിക ഗവേഷണ കൗണ്സിലിന്റെ പൂർണ സാന്പത്തിക സഹായത്തോടെ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായ സിപിസിആർഐ നടത്തിവരുന്ന ഫാർമർ ഫസ്റ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് കൃഷി ഇറക്കിയത്. തുടക്കത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ അന്പത് ഏക്കറിൽ കാലിത്തീറ്റക്ക് വേണ്ടിയുള്ള ആഫ്രിക്കൻ ഇനത്തിൽപ്പെട്ട ചോളമാണ് കൃഷി ചെയ്തത്.
ഇത് വിജയകരമായതിനെ തുടർന്ന് ഭക്ഷ്യഇനത്തിൽപ്പെട്ട ചോളം കൃഷി ചെയ്യുകയായിരുന്നു. തമിഴ്നാട് കാർഷിക സർവകലാശാലയിൽ നിന്നെത്തിച്ച വിത്തുകൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് കൃഷി ചെയ്തത്. നമ്മുടെ ഗ്രാമീണ കാലാവസ്ഥയിലും ചോളം കൃഷി ചെയ്ത് നൂറുമേനി വിളവ് എടുക്കാൻ സാധിക്കുമെന്ന് ഇതോടെ തെളിയിച്ചിരിക്കുകയാണ് പത്തിയൂരിലെ കർഷകർ. വിളവെടുപ്പ് ഉദ്ഘാടനം വാർഡ് 13 ൽ പത്തിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. സുകുമാരൻ നിർവഹിച്ചു.
പഞ്ചായത്ത് അംഗം പത്തിയൂർ നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലീല ഗോകുൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ് ജയകുമാരി, പഞ്ചായത്ത് അംഗം രമണി, സിപിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് പി.അനിത കുമാരി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
ചോള കൃഷി കൂടാതെ പതിനാറായിരത്തിലധികം തെങ്ങുകൾ, ആയിരത്തോളം കർഷക കുടുംബങ്ങൾ, ഇടവിളമിശ്ര വിളകൾ, വീട്ടുകുളങ്ങളിലെ മത്സ്യ കൃഷി, മുട്ടക്കോഴി വളർത്തൽ, പശുവളർത്തലിലെ ശാസ്ത്രീയ ഘടകങ്ങൾ തുടങ്ങി പത്തിയൂർ പഞ്ചായത്തിനെ സമഗ്ര കൃഷിയിലൂടെ കാർഷിക വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് ഫാർമർ ഫസ്റ്റ് പ്രോഗ്രാം മുന്നോട്ട് പോകുന്നതെന്ന് സിപിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് പി. അനിതകുമാരി പറഞ്ഞു.