കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം. അപൂരിത കൊഴുപ്പുകൾ, പൂരിതകൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ. അതിൽ ബഹു, ഏക – അപൂരിത കൊഴുപ്പുകൾ അപകടകാരികളല്ലെന്നുള്ളതാണ്.
പൂരിതകൊഴുപ്പുകൾ അപകടകാരികളാകുന്നു. ഇതിൽ ഏറ്റവും അപകടകാരി ട്രാൻസ് ഫാറ്റുകളാണ്. രാസപ്രവർത്തനത്തിലൂടെ കട്ടിയാക്കപ്പെട്ട ഇത്തരം കൊഴുപ്പുകൾ നമ്മുടെ ബേക്കറി പലഹാരങ്ങളിലും പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണകളിലും സുലഭമാണ്.
നല്ല കൊളസ്റ്ററോളുംചീത്ത കൊളസ്റ്ററോളും
ശരീരത്തിൽ ഫാറ്റി അമ്ലങ്ങൾ, ഫോസ്ഫോ ലിപ്പിഡുകൾ തുടങ്ങി നിരവധി കൊഴുപ്പു കണികകളുണ്ട്. അതിൽ പ്രമുഖനാണ് കൊളസ്റ്ററോൾ. കൊളസ്റ്ററോളിന് തനിയെ രക്തത്തിലൂടെ സഞ്ചരിക്കാൻ സാധിക്കാത്തതുകൊണ്ട് സവിശേഷതരം മാംസ്യഘടകങ്ങളെ കൂട്ടുപിടിക്കും. അവയാണ് ലിപ്പോ പ്രോട്ടിനുകൾ.
എച്ച്ഡിഎൽ
സാന്ദ്രത കുറഞ്ഞതും കൂടിയതുമായ ലിപ്പോപ്രോട്ടീനുകളുണ്ട്. സാന്ദ്രത കൂടിയ എച്ച്ഡിഎൽ കൊളസ്റ്ററോൾ ‘നല്ല’
താണ്. കാരണം ധമനികളിലും കോശങ്ങളിലും അധികമുള്ള കൊഴുപ്പുകണങ്ങളെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെനിന്നവ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്നു.
എച്ച്ഡിഎൽ കൊളസ്റ്ററോൾ അധികമുണ്ടെങ്കിൽ അത് ഹൃദയാരോഗ്യത്തെ അനുകൂലമായി ബാധിക്കുന്നു. ഹൃദയധമനികളിലുണ്ടാകുന്ന ജരിതാവസ്ഥയെ തടയുകയാണ് ചെയ്യുന്നത്.
എൽഡിഎൽ
മറിച്ച്, സാന്ദ്രത കുറഞ്ഞ എൽഡിഎൽ കൊളസ്റ്ററോളാണു വില്ലൻ. ധമനികളിൽ പൊതുവായും ഹൃദയത്തിലെ കൊറോണറി ധമനികളിൽ പ്രത്യേകിച്ചും ബ്ലോക്കുകളുണ്ടാകുന്നതിന്റെ മുഖ്യകാരണമായി ഇത് പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ ഇതിനെ “ചീത്ത’ കൊളസ്റ്ററോൾ എന്ന് വിളിക്കുന്നു.
എപ്പോഴും വില്ലനല്ല
ഒരു വില്ലനായി എപ്പോഴും മുദ്രകുത്തപ്പെടുന്ന കൊളസ്റ്ററോൾ നമ്മുടെ ശരീരത്തിന് ഏറെ ഉപകാരപ്രദമായ ഒരു ഘടകമാണെന്നു കൂടി ഓർമിക്കണം. ജീവപ്രധാനമായ ഫോർമോണുകളുടെ ഉൽപാദനം, കോശനിർമിതി, മസ്തിഷ്കത്തിലെ കോശങ്ങളുടെ പ്രവർത്തനം, കോശങ്ങളിലെ ജലാംശത്തിന്റെ സംരക്ഷകൻ അങ്ങനെ നിരവധി സദ്കർമങ്ങൾക്ക് അത് അവിഭാജ്യഘടകം തന്നെ.
അധികമായാൽ
എന്നാൽ അധികമായാൽ അമൃതും വിഷമെന്നു പറയുന്നതുപോലെ ഈ രാസ തന്മാത്രയുടെ അളവ് ക്രമാതീതമാകുന്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. മെഴുകുപോലുള്ള ഈ പദാർഥത്തെ അവലംബിച്ചുള്ള ഗവേഷണങ്ങൾ തേടിയെടുത്തത് പതിനെട്ടിൽപ്പരം നൊബേൽ സമ്മാനങ്ങളാണ്.
എന്നിട്ടും തീർന്നിട്ടില്ല ദുരൂഹതകളും അവ്യക്തതകളും. ഇത്രമാത്രം ഗവേഷണവിധേയമായ മറ്റൊരു സമസ്യ വൈദ്യശാസ്ത്രത്തിലുണ്ടോയെന്നറിയില്ല.
ഹാർട്ടറ്റാക് ഉണ്ടാകുന്നത്…
കൊളസ്റ്ററോൾ രക്തത്തിൽ കുമിഞ്ഞുകൂടിയാൽ ധമനികളുടെ ഉൾപ്പാളികളിൽ അടിഞ്ഞുകൂടി ബ്ലോക്കുണ്ടാക്കുകയും രക്തപ്രവാഹം ദുഷ്കരമാക്കുകയും ചെയ്യുന്നു. ഹൃദയധമനികളിലെ ബ്ലോക്ക് ഒരു പരിധിവിടുന്പോഴാണ് ഹാർട്ടറ്റാക്കുണ്ടാകുന്നത്.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി,എറണാകുളം