അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്ള നിരവധി വൈദ്യശാസ്ത്ര സംഘടനകൾ ഗവേഷണനിരീക്ഷണങ്ങൾ നടത്തി ഹാർട്ടറ്റാക്കിന്റെ വില്ലനായ കൊളസ്റ്ററോളിനെ തളയ്ക്കുന്നതിനുള്ള ചികിത്സാ നിർദേശങ്ങൾ അപ്പപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൊതുവായ കൊളസ്റ്ററോളും എൽഡിഎൽ കൊളസ്റ്ററോളും ട്രൈഗ്ലിസറൈഡുകളും കുറച്ച് നല്ല കൊളസ്റ്ററോളായ എച്ച്ഡിഎൽ കൂടിയുമിരുന്നാൽ ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്താം. മറിച്ചായാൽ അപകടനില വർധിക്കുന്നു. പ്രധാനമായി എല്ലാ മാർഗനിർദേശക രേഖകളും എൽഡിഎൽ കുറയ്ക്കേണ്ട പരിധികളെയാണ്
ലക്ഷ്യം വച്ചിരിക്കുന്നത്.
കർശനമായ ജീവിത – ഭക്ഷണ ക്രമീകരണങ്ങൾ
എൽഡിഎൽ ഒരു ശതമാനം കൂടുന്പോൾ ഹൃദ്രോഗസാധ്യത മൂന്ന് ശതമാനം വർധിക്കുകയാണ്. എൽഡിഎൽ ഏത്രമാത്രം കുറയ്ക്കണം എന്നതിനെപ്പറ്റി പല അവ്യക്തതകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
എന്നാൽ, അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡി യോളജി, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ പ്രഥമിക പ്രതിരോധത്തിനും ദ്വതീയ പ്രതിരോധത്തിനും എൽഡിഎൽ കുറയ്ക്കേണ്ട അളവുകോലുകൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എല്ലാവരിലും തീർച്ചയായും കർശനമായ ജീവിത – ഭക്ഷണ ക്രമീകരണങ്ങൾ തന്നെ ആദ്യപടി. അമിതവണ്ണം കുറച്ചും കൃത്യമായി വ്യായാമം ചെയ്തും കൊഴുപ്പ് കൂടുതലടങ്ങിയ പദാർഥങ്ങൾ കുറച്ചും നല്ലൊരു പരിധിവരെ കൊളസസ്റ്ററോൾ കുറയ്ക്കാം. അതോടൊപ്പം കൊളസ്റ്ററോൾ ഉപഘടകങ്ങളുടെ തീവ്രത അനുസരിച്ചാണ് ഔഷധങ്ങൾ തെരഞ്ഞെടുക്കേണ്ടത്.
അച്ഛനോ, അമ്മയ്ക്കോ 55 വയസിനു താഴെ ഹാർട്ടറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ…
പൊതുവേ പറയുകയാണെങ്കിൽ ഹാർട്ടറ്റാക്കുണ്ടായവർ, ആൻജിയോപ്ലാസ്റ്റിയോ ബൈപാസ് സർജറിയോ ചെയ്തവർ, അച്ഛനോ, അമ്മയ്ക്കോ 55 വയസിനു താഴെ ഹാർട്ടറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അവർ എല്ലാം എൽഡിഎൽ കൊളസ്ട്രോൾ 55 മില്ലിഗ്രാം ശതമാനത്തിൽ കുറയ്ക്കണം
. രണ്ടാമത്തെ കൂട്ടർ, ഹാർട്ടറ്റാക്കുണ്ടാകാതെ നെഞ്ചുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ, പ്രമേഹരോഗികൾ, വൃക്കരോഗികൾ ഇക്കൂട്ടർ എൽഡിഎൽ 70 മില്ലിഗ്രാം ശതമാനത്തിൽ താഴെ കൊണ്ടുവരണം. മൂന്നാമത്തെ ഗ്രൂപ്പിൽപ്പെട്ടവർ ഒന്നോ അതിൽ കൂടുതലോ അപകടഘടകങ്ങളുള്ളവരാണ്.
അവരുടെ എൽഡിഎൽ 100 മില്ലിഗ്രാം ശതമാനത്തിൽ താഴെയാവണം. ഇനി യാതൊരു അപകടഘടകങ്ങളുമില്ലാത്തവരാണ്, ഇവർക്ക് എൽഡിഎൽ 130-ൽ താഴെയായാൽ മതി. എന്നാൽ ഇക്കൂട്ടരെ കണ്ടെത്താൻ പ്രയാസമാണ്.
എൽഡിഎൽ കുറഞ്ഞാൽ
എൽഡിഎൽ എത്രമാത്രം കുറഞ്ഞിരിക്കുന്നുവോ അത്രമാത്രം ഹൃദ്രോഗസാധ്യത കുറയുമെന്നതാണ് പല നൂതനപഠനങ്ങളും വെളിപ്പെടുത്തുന്ന വസ്തുത. എൽഡിഎൽ 130 മില്ലി ഗ്രാം ശതമാനത്തിൽ നിന്ന് 38 ആയാൽ ഹൃദ്രോഗസാധ്യത 22 ശതമാനം കുറയ്ക്കാമെന്ന് കൊളസ്റ്ററോൾ ട്രീറ്റ്മെന്റ് ട്രയലിസ്റ്റ് കൊളബറേഷൻ പ്രസ്താവിക്കുന്നു.
എൽഡിഎൽ 100 മില്ലിഗ്രാമുള്ള ഒരാൾ അത് 60 ആക്കിയാൽ ഹൃദ്രോഗ സാധ്യത 31 ശതമാനം വീണ്ടും കുറയ്ക്കാം. ഇനി 70 മില്ലിഗ്രാം ശതമാനത്തിൽ നിന്ന് 42 മില്ലിഗ്രാം ശതമാനമാക്കിയാൽ ഹാർട്ടറ്റാക്കിനുള്ള സാധ്യത 23 ശതമാനം കൂടി കുറയ്ക്കാം. ലോവർ ദി ബെറ്റർ എന്ന തത്വമാണ് പല ഗവേഷകരും ഇപ്പോൾ ഊന്നിപ്പറയുന്നത്.
ഇങ്ങനെ കുറയ്ക്കുന്നതു കൊണ്ട് ശാരീരിക – ബൗദ്ധിക – ഓർമ ശക്തികളിൽ തകരാറുകളുണ്ടാകുകയില്ലെന്ന് ഗവേഷകർ വാദിക്കുന്നു.
സ്റ്റാറ്റിൻ മരുന്നുകൾ
കൊളസ്റ്ററോൾ അളവുകൾ സമുചിതമായി കുറയ്ക്കാൻ ഭക്ഷണക്രമീകരണത്തോടൊപ്പം സ്റ്റാറ്റിൻ മരുന്നുകൾ അദ്ഭുതം സൃഷ്ടിക്കുകയാണ്. പോരെങ്കിൽ അതോടൊപ്പം എസറ്റമൈബ് എന്ന മരുന്നും കൂട്ടാം. ഇനി അതും പോരെങ്കിൽ ഇപ്പോൾ പി.സി.എസ്.കെ. ഒന്പത് ഇൻഹിബിറ്റർ ഔഷധവും വിപണിയിലെത്തിയിരിക്കുന്നു. അവ ആവശ്യാനുസരണം പ്രയോഗിക്കുക മാത്രം ചെയ്യുക.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി,എറണാകുളം