നമ്മുടെ പ്രപിതാമഹരിൽനിന്ന് ഇന്നത്തെ മനുഷ്യരിലേക്കുള്ള പരിണാമചരിത്രം, പോഷണ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിമനുഷ്യന് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണം. മറ്റാവശ്യങ്ങളെല്ലാം വിശപ്പകറ്റിയശേഷം മാത്രം.
ചരിത്രാതീത കാലത്ത് മനുഷ്യൻ ആയുധമുപയോഗിക്കാൻ പഠിച്ചതിന്റെ പ്രധാന ലക്ഷ്യവും ഇരതേടാൻ തന്നെയായിരുന്നു. ഇരതേടിയുള്ള കഠിന പ്രയത്നങ്ങൾക്ക് വിരാമമുണ്ടായത് അവൻ കൃഷി ചെയ്യാൻ പഠിച്ചതുമുതലാണ്.
ഏതാണ്ട് പതിനായിരം വർഷങ്ങൾക്കു മുന്പ് നിയോലിത്തിക് വിപ്ലവം എന്നാണ് ഈ പരിവർത്തനഘട്ടത്തെ വിലയിരുത്തുന്നത്. മനുഷ്യൻ അടിസ്ഥാനപരമായി സസ്യഭുക്കോ മാംസഭുക്കോ എന്ന തർക്കം ശാസ്ത്രലോകത്ത് ഇന്നും ദുരൂഹതകളോടെ നിലനിൽക്കുന്നു.
നാൽപത് ലക്ഷം വർഷങ്ങൾക്ക് മുന്പ് ഭൂമുഖത്തുണ്ടായിരുന്ന ആസ്ത്രലോപിഥേക്കസുകളുടെ ദന്തഘടന, അവ സസ്യഭുക്കായിരുന്നുവെന്ന് തെളിയിക്കുന്നുണ്ട്. ചുരുക്കത്തിൽ മനുഷ്യൻ അടിസ്ഥാനപരമായി സസ്യഭുക്കായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കിലും ആധുനികവത്ക്കരണം അവനെ മിശ്രഭുക്കാക്കി മാറ്റിയെടുക്കപ്പെടുകയാണുണ്ടായത്.
അപ്പോൾ പ്രകൃതിതത്വങ്ങൾക്ക് വിപരീതമായി പോഷണശാസ്ത്രത്തെ മാറ്റിമറിച്ച മനുഷ്യനു കാലാന്തരത്തിൽ രോഗപീഡകൾ ഒന്നൊന്നായി വന്നുപെട്ടുവെന്നു പറയുന്നതായിരിക്കും ശരി.
വിശപ്പുമാറ്റാൻ മാത്രമല്ല, ആസ്വദിക്കുവാൻ കൂടിയുള്ളതാണ് ഭക്ഷണം എന്ന ചിന്ത ആധുനിക മനുഷ്യനെ രോഗാതുരതകളിലേക്ക് എത്തിച്ചു.വിചിത്രമായ ഭക്ഷണവിഭവങ്ങൾക്ക് പിറകെ അവൻ വെറിപൂണ്ട് ഓടിത്തുടങ്ങി.
കേരളീയ പാരന്പര്യഭക്ഷണം കൈവിട്ടതോടെ…
രുചിയൂറുന്ന കൊഴുപ്പും അത് സമൃദ്ധമായി അടങ്ങിയിട്ടുള്ള മാംസാഹാരങ്ങളും തേടിയാണ് പിന്നെ മനുഷ്യൻ പരക്കം പാഞ്ഞത്. കേരളീയരുടെ കാര്യമാണ് ഏറെ വിചിത്രം.ഒരുകാലത്ത് പൂർണാരോഗ്യത്തിന്റെ ശുദ്ധസ്രോതസായിരുന്ന നമ്മുടെ കേരളീയ പാരന്പര്യഭക്ഷണം മലയാളികൾ വെടിഞ്ഞു.
മൂന്പ് ലോകത്തിന്റെ ആരോഗ്യശ്രണികളിൽത്തന്നെ സ്ഥാനം പിടിച്ചിരുന്നു ഈ കൊച്ചുകേരളത്തിന്റെ ആഹാരശൈലി. കേരളത്തിന്റേതായ സാന്പാറും അവിയലും തീയലും തോരനും പുഴുക്കും പുട്ടും ദോശയും ഇഡലിയുമൊക്കെ പോഷകസന്പുഷ്ടങ്ങളായ വിഭവങ്ങളായിരുന്നു.
സ്വന്തം പറന്പിലോ പാടത്തോ കൃഷി ചെയ്ത് വിഷം തളിക്കാതെ പറിച്ചെടുത്ത കായ്കനികൾ കേരളീയരെ രോഗാതുരകളിൽനിന്ന് പരിരക്ഷിച്ചു. എന്നാൽ, ഇന്ന് കേരളത്തിന്റെ സ്ഥിതി മാറിക്കഴിഞ്ഞു. കൃഷിയെയും കൃഷിക്കാരെയും ആദരിക്കുകയും അവരുടെ പ്രാധാന്യം വിലയിരുത്തുകയും ചെയ്യുന്ന ഒരു സംസ്കാരം കേരളത്തിലില്ലാതായി.
വൈറ്റ് കോളർ ജോലികൾക്കു പിറകേ ക്യൂ നിന്ന മലയാളി വിശപ്പടക്കാൻ കുറുക്കുവഴികൾ തേടി. അങ്ങനെ സ്വന്തം പരിസ്ഥിതിക്കും ശരീരഘടനാ സവിശേഷതകൾക്കും ചേരാത്ത ഫാസ്റ്റ് ഫുഡുകളെ അഭയംപ്രാപിച്ചു. എന്നാൽ അതവന്റെ പചനയന്ത്രത്തെ തകിടം മറിക്കുകയാണുണ്ടായത്.
മലയാളിയുടെ ഇടംവലം നോക്കാത്ത നെട്ടോട്ടത്തിൽ അവനെ ഒരു നീരാളിയെപ്പോലെ ജീവിതശൈലീ രോഗങ്ങൾ വാരിപ്പുണർന്നു. ഇന്നത്തെ മലയാളി, രക്ഷപ്പെടാനാവാത്ത വിധം അപഥ്യമായ ജീവിത – ഭക്ഷണശൈലികൾക്കും അടിമപ്പെട്ടു. ഈ അടിമത്തമാകട്ടെ അവനെ ഏറെ സങ്കീർണമായ ജീവിതശൈലി രോഗങ്ങളിൽ കൊണ്ടെത്തിച്ചു.
ചെറുപ്പക്കാരിലെ ഹൃദ്രോഗത്തിനു പിന്നിൽ
പണ്ട് വയോധികരെ മാത്രം വേട്ടയാടിയിരുന്ന ഹൃദ്രോഗം ഇന്ന് കേരളത്തിലെ ചെറുപ്പക്കാരിലേക്കും ഭീഷണമാംവിധം പടരുന്നു. അതിനുള്ള കാരണങ്ങൾ തേടിയുഴലുന്ന ഗവേഷകർ എപ്പോഴും പ്രധാനമായി ചെന്നെത്തി നൽകുന്ന ഒരു ആപത്ഘടകമുണ്ട് – കൊളസ്റ്ററോൾ.
തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, ഹാർട്ടറ്റാക്കുമായി പ്രവേശിപ്പിക്കപ്പെട്ട മുപ്പത് വയസിന് താഴെയുള്ള ചെറുപ്പക്കാരെ ആസ്പദമാക്കി 40 വർഷക്കാലം നടത്തിയ പഠനഫലം 2020 സെപ്റ്റംബറിലെ ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രകാശിതമായി.
ഹാർട്ടറ്റാക്കുമായി തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഏറ്റവും പ്രധാനമായി കണ്ടെത്തിയ ആപത്ഘട്ടം (88.3ശതമാനം) വർധിത കൊളസ്റ്ററോളായിരുന്നുവെന്ന് തെളിഞ്ഞു.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി,എറണാകുളം