ന്യൂഡൽഹി: സംസ്കൃത ഭാഷ ദിവസവും സംസാരിച്ചാൽ നാഡി വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനാവുമെന്നും ബിജെപി എംപി ഗേണേഷ് സിംഗ്. യുഎസ് ആസ്ഥാനമായ അക്കാദമിക് സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ബിജെപി നേതാവ് പറയുന്നു. സംസ്കൃത സർവകലാശാല ബിൽ സംബന്ധിച്ച ചർച്ചയിലാണ് ബിജെപി നേതാവ് പാണ്ഡിത്യം വിളമ്പിയത്.
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് സംസ്കൃതത്തിൽ ചെയ്താൽ അത് കുറ്റമറ്റതായിരിക്കുമെന്നും അദ്ദേഹം തട്ടിവിട്ടു. യുഎസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസയുടെ ഗവേഷണത്തിലാണ് ഈ കണ്ടെത്തലെന്നാണ് നേതാവിന്റെ വാദം. ഏതാനും ഇസ്ലാം ഭാഷ ഉൾപ്പെടെ ലോകത്തിലെ 97 ശതമാനം ഭാഷകളുടേയും അടിസ്ഥാനം സംസ്കൃതമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സത്നയിൽനിന്നുള്ള പാർലമെന്റ് അംഗമാണ് അദ്ദേഹം.
ബ്രദർ, കൗ എന്നിവ പോലുള്ള നിരവധി ഇംഗ്ലീഷ് വാക്കുകൾ സംസ്കൃതത്തിൽനിന്നാണ് ജനിച്ചതെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പുരതാന ഭാഷയെ ഉദ്ധരിക്കുന്നത് മറ്റൊരു ഭാഷയേയും ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.