വടകര: ചോന്പാൽ മത്സ്യബന്ധന തുറമുഖത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടിയത് പ്രതിഷേധത്തിനിടയാക്കി. മോട്ടോർ ബൈക്കിന് അഞ്ചു രൂപ 25 രൂപയും പാസഞ്ചർ ഓട്ടോ 20 രൂപയിൽ നിന്നു 40 രൂപയും ഗുഡ്സ് ഓട്ടോ 40 ൽ നിന്ന് 60 രൂപയും പിക്കപ്പിന് 70 -100 രൂപയും ലോറി 100 രൂപയിൽ നിന്നും 200 രൂപയുമാക്കിയാണ് വർധിപ്പിച്ചത്. സർക്കാർ ഉത്തരവ് പ്രകാരമാണ് ഈ മാസം ഒന്നാം തിയ്യതി മുതൽ വാഹന പ്രവേശന നിരക്ക് നൂറ് മുതൽ മുന്നൂറ് ശതമാനം വരെ വർധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇതിനെതിരെ പ്രതിഷേധ പ്രകടനവും യോഗങ്ങളും നടന്നുവരുന്നു. സംയുക്ത മത്സ്യ വിൽപന തൊഴിലാളികളാണ് നിരക്ക് വർധനവിനെതിരെ സംഘടിച്ചത്. നിരക്ക് വർധിപ്പിക്കുന്പോഴും ഹാർബറിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടുന്നില്ലന്നാണ് മത്സ്യ തൊഴിലാളികളുടെ മറ്റൊരു പരാതി.
വലിയ ലോറികളും അവരുടെ ബോക്സും കൊണ്ട് ഹാർബർ നിറയുന്പോൾ ബൈക്ക്, ഗുഡ്സ് ഓട്ടോ പോലുളള ചെറിയ വാഹനങ്ങൾക്ക് ഇടംനൽകാതെ തഴയപ്പെടുകയാണ്. പ്രവേശന ഫീസ് നൽകാതെ സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം.
സമരസമിതി രൂപീകരിച്ചതിന് ശേഷം ബഹുജന പ്രകടനവും പ്രതിഷേധ യോഗവും നടത്തി. വർധിപ്പിച്ച നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനവും നൽകി. സമര സമിതി ഭാരവാഹികളായി ഷംസീർ ചോന്പാല (ചെയർമാൻ), രാജേഷ് മാട്ടു (കണ്‍വീനർ), സി.മജീദ് (ട്രഷറർ), വി.എം.അഷ്റഫ് (കോ-ഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
അതേസമയം നിരക്ക് വർധനവ് നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും കുറഞ്ഞ നിരക്ക് മാത്രം ഈടാക്കുകയായിരുന്നുവെന്നാണ് കരാറെടുത്തവർ പറയുന്നത്. ഇതിനാലാണ് ഇപ്പോൾ വരുത്തിയത് വലിയ വർധനവായി തോന്നുന്നതെന്നും ഇവർ പറഞ്ഞു.