കാഞ്ഞിരപ്പള്ളി: വേനല്‍ ചൂടില്‍ മലയോര മേഖല ഉരുകുന്നു. കാല് നൂറ്റാണ്ടിനിടെ ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ ചൂടാണ് കാഞ്ഞിരപ്പള്ളി മേഖലയില്‍ ഏതാനും ദിവസങ്ങളായി അനുഭപ്പെടുന്നത്. ഉച്ചസമയത്ത് പുറത്തിറങ്ങിയാല്‍ ശരീരം പൊള്ളിക്കുന്ന ചൂടാണ്.
ഇന്നലെ 37.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു മേഖലയിലെ താപനില. സാധാരണ മാര്‍ച്ച് മാസത്തില്‍ 37 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂട് ഉയരാറുണ്ടെങ്കിലും ഫെബ്രുവരി മാസത്തില്‍ ചൂട് ഇത്രയും ഉയരുന്നത് അപൂര്‍വമാണെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
കൊടും ചൂടില്‍ ഉച്ചസമയത്ത് ടൗണുകളില്‍ ആളുകള്‍ വിജനമാണ്. ജനങ്ങള്‍ ഉച്ചസമയത്ത് പുറത്തിറങ്ങുവാന്‍ മടിച്ചു നില്‍ക്കുകയാണ്. കാല്‍നടയാത്രക്കാരും വിരളമാണ്. ഉച്ചസമയങ്ങളില്‍ ബസുകളില്‍ യാത്രക്കാരില്ലെന്ന് ബസുടമകള്‍ പറയുന്നു. വ്യാപാരസ്ഥാപനങ്ങളിലും കച്ചവടങ്ങള്‍ കുറഞ്ഞു.
ചൂട് കനത്തതോടെ കൃഷികളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ്. തെങ്ങോല ഉപയോഗിച്ച് മറകെട്ടിയും പത്രപ്പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞും റബര്‍ തൈകളെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങളാണ് കര്‍ഷകര്‍ നടത്തുന്നത്.
വാഴയ്ക്കും റബര്‍ തൈകള്‍ക്കും തണുപ്പ് ലഭിക്കുന്നതിനായി ഇവയുടെ ചുവട്ടി കച്ചി ഇടുന്നതും കൈതക്കൃഷിക്ക് മുകളില്‍ ഗ്രീന്‍ നെറ്റ് ഉപയോഗിച്ചും തെങ്ങോലകള്‍ ഇട്ടും ചൂടിനെ പ്രതിരോധിക്കുന്ന കാഴ്ചകളും പ്രദേശത്ത് സാധാരണയായിരിക്കുകയാണ്.
വരും ദിവസങ്ങളില്‍ ചൂട് കനക്കുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍.