കൽപ്പറ്റ: വയനാട്ടിൽ ചൂട് അസഹ്യമാം വിധം കൂടുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ താപനില ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. അന്പലവയൽ കാർഷിക ഗവേഷണകേന്ദ്രത്തിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 35 ഡിഗ്രി സെൽഷ്യസാണ്. ഫെബ്രുവരി 27നും മാർച്ച് 23നുമാണിത്. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന താലനില 33.2 ഡിഗ്രി സെൽഷ്യസാണ്.
എന്നാൽ 2014 മാർച്ച് 30ന് 35 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ 35 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തുന്നത് ജില്ലയുടെ ചരിത്രത്തിലാദ്യമായാണ്. രാത്രിയിലെ ചൂടിന്റെ ഇരട്ടിയോളമാണ് പകൽ അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളിൽ 19 ഡിഗ്രി സെൽഷ്യസാണ് രാത്രികാലത്തെ താപനില.
കഴിഞ്ഞവർഷം ഇത് 22 ഡിഗ്രി സെൽഷ്യസായിരുന്നു. വേനൽച്ചൂട് കടുത്തതോടെ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. വരുംദിവസങ്ങളിൽ ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന വിവരം. സൂര്യനിൽ നിന്നുള്ള ചൂട് മാത്രമേ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ രേഖപ്പെടുത്തുന്നുള്ളൂ.
സൂര്യപ്രകാശം ആഗിരണം ചെയ്തശേഷം കോണ്ക്രീറ്റ് കെട്ടിടങ്ങളിൽനിന്നും റോഡുകളിൽ നിന്നും പുറംതള്ളുന്ന ചൂട് കൂടിയാവുന്പോൾ താപം ഇതിലും കൂടും. അന്തരീക്ഷത്തിൽ ചൂട് കൂടിയെങ്കിലും കഴിഞ്ഞ ആഴ്ചകളിലുണ്ടായ വേനൽമഴ അൽപം ആശ്വാസം പകർന്നിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മഴയുടെ അളവിൽ വർധനവുണ്ടായിട്ടുണ്ട്. ഈ വർഷം ഇതുവരെ 150 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
കഴിഞ്ഞവർഷം ഇതിന്റെ പാതിയിൽ താഴെ മാത്രമായിരുന്നു മഴ. എന്നാൽ പുൽപ്പള്ളി ഭാഗത്ത് ഇതുവരെ മഴ പെയ്യാത്തത് ഈ പ്രദേശത്തെ ചൂട് വർധിപ്പിച്ചിട്ടുണ്ട്. 34 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ പുൽപ്പള്ളി ഭാഗത്ത് രേഖപ്പെടുത്തിയ താപനില. ഇനിയും മഴ പെയ്തില്ലെങ്കിൽ ഈ പ്രദേശത്തുകാർ കുടിനീരിനായി മറ്റ് മാർഗങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകും.