ഇരിങ്ങാലക്കുട: നാട്ടിൽ വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും ചൂടിന്റെ കാഠിന്യം ഓർമപ്പെടുത്തി ഈന്തപ്പനകളും കുലച്ചു. ആസാദ്റോഡിൽ തൊഴുത്തുപറന്പിൽ പ്രിൻസിന്റെ വീടിനു മുന്പിൽ നട്ട ഈന്തപ്പനകളിലൊന്നാണു ആദ്യമായി കുലച്ചത്. 12 ഓളം കുലകളാണു പനയിലുള്ളത്.
മൂന്നു വർഷം മുന്പാണ് മണ്ണുത്തിയിൽനിന്ന് പ്രിൻസ് പനകൾ വാങ്ങി വീടിനു മുന്പിൽ നട്ടത്. പലയിടത്തും സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഈന്തപ്പനകൾ വച്ചുപിടിപ്പിക്കാറുണ്ടെങ്കിലും ഇവ കുലക്കാറില്ലെന്നു പറയുന്നു. ഗൾഫ് രാജ്യങ്ങളടക്കമുള്ളിടത്ത് കടുത്ത ചൂടിലാണു ഈന്തപ്പനകൾ കുലയ്ക്കുക.
കേരളത്തിലും ചൂടിന്റെ കാഠിന്യം അതികഠിനമാകുന്നതിന്റെ സൂചനയായിട്ടാണ് ഈന്തപ്പനകൾ കുലക്കുന്നതെന്നാണു കരുതുന്നത്. ഈന്തപ്പനകൾ കൂടാതെ കണികൊന്നകളും നഗരത്തിലും പരിസരത്തും വ്യാപകമായി പൂത്തിട്ടുണ്ട്. വിഷുവിനു ഇനി ഒരു മാസത്തോളം അവശേഷിക്കെ മിക്കയിടങ്ങളിലെ തൊടിയിലും കൊടുംവേനലിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്നകൾ നാട്ടിലെയും നഗരങ്ങളിലെയും പുരയിടങ്ങളിലെ വർണക്കാഴ്ചയാണ്.
മീന മാസത്തിലെ അവസാന ആഴ്ചകളിൽ തളിർത്ത് പൂവിടാറുള്ള കണിക്കൊന്നകളാണ് മീനമാസം ആരംഭിക്കുന്നതിനു മുന്പേ തന്നെ പൂവിട്ടിരിക്കുന്നത്. മേടം എത്തുംന്പോഴേക്കും ഒറ്റ പൂവുപോലും അവശേഷിക്കാൻ സാധ്യതയില്ലെന്നു പഴമക്കാർ പറയുന്നു. കാലാവസ്ഥയിൽ വന്ന വ്യതിയാനങ്ങളാണു മരങ്ങൾ കാലം തെറ്റി പൂക്കാൻ കാരണം.