പത്തനംതിട്ട: ജില്ലയിൽ പകൽ താപനില 38 ഡിഗ്രിയും കടന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പുകൾ ശരിവയ്ക്കുന്നതായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ജില്ലയുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ട താപനില.അന്തരീക്ഷ താപനില ഉയരുന്നതോടെ ജനം ഭീതിയിലായിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ചെറിയ തോതിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും അത് പകൽച്ചൂടിന്റെ ആധിക്യം വർധിപ്പിക്കുകയാണ്.
കിണറുകളിലും ജലാശയങ്ങളിലും വെള്ളം കുറയാനും ഇത് ഇടയാക്കുന്നുണ്ട്. രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങാൻതന്നെ കഴിയാത്ത സ്ഥിതിയാണ്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ അവസാനിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നത്.
എസ്എസ്എൽസി പരീക്ഷ ഇനി മൂന്ന് വിഷയങ്ങൾ കൂടി ബാക്കിയാണ്. 28നാണ് അവസാനിക്കുന്നത്. ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ഒരുദിവസം കൊണ്ട് പൂർത്തിയാകും. പൊതുപരീക്ഷകൾ അവസാനിക്കുന്ന മുറയ്ക്ക് ചെറിയ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ പൂർത്തിയാകാനുണ്ട്.
ഉച്ചസമയത്ത് പരീക്ഷയ്ക്കു പോകുന്ന വിദ്യാർഥികളും ഡ്യൂട്ടിയുള്ള അധ്യാപകരുമാണ് ചൂടിന്റെ ആധിക്യത്തിൽ ഏറെ കഷ്ടപ്പെടുന്നത്. ഇതര ജോലിസമയങ്ങളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവുണ്ടായപ്പോഴും പരീക്ഷാസമയം ക്രമീകരിക്കാനാകാത്തത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. ഉച്ചവെയിലിന്റെ കാഠിന്യത്തിൽപരീക്ഷ എഴുതുന്ന വിദ്യാർഥികളും ബുദ്ധിമുട്ടിലാണ്.
കുടിവെള്ളത്തിനായി മലയോരഗ്രാമങ്ങൾ നെട്ടോട്ടത്തിൽ
റാന്നി: പ്രളയാനന്തര റാന്നിയുടെ പ്രധാന പ്രശ്നങ്ങളിലൊന്നായി കുടിവെള്ള പ്രതിസന്ധി മാറിക്കഴിഞ്ഞു. പന്പാനദിയിൽ നീരൊഴുക്ക് നിലച്ചതിനൊപ്പം തീരങ്ങളിൽ കടുത്ത ജലക്ഷാമമാണ്.കടുത്ത ചൂടിൽ വരണ്ടുണങ്ങുന്ന നാട്ടിൽ ജലലഭ്യത ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം.
പ്രളയജലം ഉയർന്നു താഴ്ന്ന ശേഷമുള്ള ആദ്യ വേനൽ വറുതിയിൽ മനുഷ്യനും ജീവജാലങ്ങളും ബുദ്ധിമുട്ടുമ്പോൾ, കുടിക്കാനോ കുളിക്കാനോ ജലമെവിടെയെന്ന അന്വേഷണവുമായി നെട്ടോട്ടത്തിലാണ് നാട്ടുകാർ. റാന്നിയുടെ പ്രധാന ജലസ്രോതസാണ് പമ്പാനദി. ഇക്കഴിഞ്ഞ പ്രളയത്തിൽ ജലം സാധരണ നദിനിരപ്പിനേക്കാൾ 20 മീറ്റർ ഉയരത്തിൽ എത്തി നിന്ന ശേഷം പിൻവലിയുകയായിരുന്നു. പമ്പാനദിയിൽ ഏതാനും ചില കയങ്ങളിലൊഴികെ ഇപ്പോഴുള്ളത് പാദം മുങ്ങാൻ വെള്ളം മാത്രമാണ്.
പമ്പാനദിയെ ആശ്രയിച്ചാണ് റാന്നി താലൂക്കിലെ അറയാഞ്ഞിലിമൺ, കുരുമ്പൻ മൂഴി, കൊല്ലമുള, വെച്ചുച്ചിറ, കുടമുരുട്ടി, പെരുനാട് ,അടിച്ചിപ്പുഴ, വടശേരിക്കര, റാന്നി, ഐത്തല, അങ്ങാടി, പുതമൺ- നാരങ്ങാനം, അയിരൂർ എന്നീ ജലവിതരണ പദ്ധതികൾ പ്രവർത്തിക്കുന്നത്.
അനിയന്ത്രിതമായ മണൽവാരലും പ്രകൃതി ചൂഷണവും മൂലം പമ്പാനദിയുടെ അടിത്തട്ട് ക്രമാതീതമായി താഴുകയും ജലനിരപ്പു തീർത്തും കുറയുകയും ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം പ്രളയകാലത്തെ വെള്ളത്തിന്റെ കുത്തൊഴുക്കും പിന്നീടുള്ള നിശ്ചലാവസ്ഥയും ജലം ഉൾവലിയാനുണ്ടായ കാരണത്തിന് ആക്കം കൂട്ടിയതായും വിലയിരുത്തുന്നു.
തീരങ്ങളിലെ കിണറുകളിലാകട്ടെ വെള്ളം ഉൾവലിയുന്ന പ്രതിഭാസം പ്രളയജലം കയറിയിറങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു. പ്രളയാനന്തരം ആഴ്ചകൾക്കുള്ളിൽ തന്നെ കിണറുകളിലെ ജലവിതാനം പകുതിയിൽ താഴെയും മഴക്കാലം നിലച്ചപ്പോൾ കിണറിന്റെ അടിത്തട്ടിലേക്കു താഴ്ന്നിരുന്നതായും കണ്ടെത്തി.ഇപ്പോഴാകട്ടെ തീരദേശ വാസികൾക്കുപോലും വെള്ളം വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്.
റാന്നി ടൗൺ മേഖലയിൽ മാത്രമല്ല, പഴവങ്ങാടി, അങ്ങാടി, റാന്നി, പെരുനാട് , നാറാണംമൂഴി, വടശേരിക്കര, വെച്ചൂച്ചിറ, അയിരൂർ പഞ്ചായത്തുകളിലും കുടിവെള്ള പ്രതിസന്ധി രൂക്ഷമാണ്. ജലവിതരണ പദ്ധതികളിലൊന്നും പമ്പിംഗിനാവശ്യമായ വെള്ളമില്ല. ഇപ്പോഴുള്ള ജല സ്രോതസുകളെയോ ജലവിതരണ പദ്ധതികളെയോ മാത്രം ആശ്രയിച്ച് നാട്ടിലെ ജലപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. .