തൃശൂർ: ഗതാഗത നിയന്ത്രണം മൂലം ട്രെയിനുകൾ ഒന്നര മണിക്കൂറോളം വൈകിയോടിയത് യാത്രക്കാരെ വലച്ചു. ഇന്നു രാവിലെയാണ് പാസഞ്ചർ ട്രെയിനുകളടക്കം എല്ലാ ട്രെയിനുകളും ഒന്നര മണിക്കൂറോളം വൈകിയോടിയത്. ഇതോടെ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്ന സ്ഥിരം യാത്രക്കാരടക്കമുള്ളവർക്ക് സമയത്തെത്താൻ കഴിയാതെ പെരുവഴിയിൽ ഇരിക്കേണ്ട ഗതികേടിലായി.
ചൂട് കൂടിയതിനാൽ ഉച്ചയ്ക്ക് ജോലി ചെയ്യിക്കാൻ പാടില്ലെന്ന നിബന്ധന മൂലം രാവിലെ തന്നെ ജോലി തുടങ്ങിയതാണ് ട്രെയിനുകൾ വൈകിയോടാൻ കാരണമായതെന്നാണ് അധികൃതരുടെ മറുപടി. എന്നാൽ ട്രെയിനുകൾ വൈകിയോടുമെന്ന് മുൻകൂട്ടി അറിയിക്കാതിരുന്നതാണ് യാത്രക്കാർക്ക് വിനയായത്. ഇത്തരത്തിൽ മുന്നറിയിപ്പുണ്ടെങ്കിൽ നേരത്തെ തന്നെ ഇറങ്ങി ലക്ഷ്യസ്ഥാനത്ത് സമയത്തെത്താൻ ശ്രമിക്കുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
എന്നാൽ രാവിലെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനുകൾ വൈകിയോടുന്നത് പലരും അറിഞ്ഞത്. കാരണം അന്വേഷിച്ചപ്പോഴാണ് ചൂടു കൂടുന്നതു കാരണം ജോലിക്കാർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ ജോലി ചെയ്യാൻ പാടില്ലെന്ന നിർദ്ദേശമുള്ളതിനാൽ ജോലിക്കാർ നേരത്തെ ഇറങ്ങിയതത്രേ. ഇതിനാൽ ട്രെയിനുകൾ പലതും പിടിച്ചിടുകയും വേഗം കുറയ്ക്കുകയും ചെയ്യേണ്ടി വന്നു.
ഇതിനാലാണ് ട്രെയിനുകൾ വൈകിയോടാൻ കാരണമെന്നു പറയുന്നു. എന്നാൽ ഇത് ഒൗദ്യോഗികമായി അറിയിക്കാൻ റെയിൽവേ അധികൃതർ തയ്യാറല്ല. കാരണം ട്രെയിനുകൾ ഒന്നും പിടിച്ചിടുന്നില്ലെന്നും സ്വാഭാവികമായ വൈകൽ മാത്രമാണെന്നുമാണ് ഒൗദ്യോഗിക മറുപടി. ട്രാക്കുകളിലെ സ്ഥിരം നടക്കുന്ന പണികളുടെ പേരിൽ ട്രെയിനുകൾ പിടിച്ചിടുന്നില്ലെന്നാണ് പറയുന്നത്. എന്നാൽ സാധാരണ സമയത്തിലും നേരത്തെ തന്നെ ജോലിക്കാർ പണിക്കിറങ്ങിയതിനാൽ ട്രെയിനുകൾ നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടെന്നും പറയുന്നു.
ചൂട് കുറഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിലും ട്രെയിനുകൾ വൈകിയോടുമെന്നാണ് സൂചന. ട്രെയിനുകൾ പിടിച്ചിടുന്നതു മൂലം സെക്കൻഡ് ക്ലാസിലും ജനറൽ കന്പാർട്ടമെന്റിലും യാത്ര ചെയ്യുന്നവർ വറചട്ടിയിൽ ഇരിക്കേണ്ടതു പോലുള്ള സാഹചര്യമാണ്.
യാത്രക്കാരുടെ പ്രശ്നങ്ങൾ കൂടി മനസിലാക്കി ട്രെയിനുകൾ പിടിച്ചിടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ ആവശ്യം.