ഇളങ്ങുളം: പിപി റോഡിൽ ഇളങ്ങുളത്ത് വേനലിൽ ഉണങ്ങിത്തുടങ്ങിയ തണൽമരങ്ങൾക്ക് രക്ഷകരായി പ്രദേശവാസികൾ. ഇളങ്ങുളം സെന്റ് മേരീസ് സ്കൂൾ അധികൃതർ, ഇവിടത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവരാണ് തൈകൾക്ക് വെള്ളമൊഴിച്ചു തുടങ്ങിയത്. പഞ്ചായത്തംഗം ജോഷി കെ. ആന്റണി നേതൃത്വം നൽകി. പിപി റോഡിൽ ഇതേപോലെ പലയിടത്തും മരത്തൈകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. ഓരോ സ്ഥലത്തും പ്രദേശവാസികൾ ഇവയുടെ സംരക്ഷണം ഏറ്റെടുക്കാൻ പ്രചോദനം കൂടിയാകും ഇളങ്ങുളത്തെ സേവനമെന്നാണിവർ കരുതുന്നത്.