അരുണ്‍ ടോം
ചൂളമടിക്കാത്ത പുരുഷകേസരികള്‍ ആരുംതന്നെയുണ്ടാകില്ല. പുരുഷന്മാരുടെ കുത്തക വിനോദമായാണ് ചൂളമടി (വിസിലിംഗ്) കാണുന്നത്.
സ്ത്രീയാണ് അതു ചെയ്യുന്നതെങ്കില്‍ ഏതോ തെറ്റു ചെയ്യുന്നതുപോലെയാണ് സമൂഹം ഇന്നും സ്ത്രീയെ വീക്ഷിക്കുന്നത്. പരമ്പരാഗതമായി നിലനിന്നുപോരുന്ന ഈ ധാരണ അപ്പാടെ തകര്‍ത്തുകൊണ്ടാണ് ജ്യോതി ആര്. കമ്മത്ത് എന്ന കൊച്ചിക്കാരി ചൂളമടി ഒരു കലയാക്കിമാറ്റുന്നത്.
ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്സ്, ലിംക വേള്‍ഡ് റിക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സ്, ബസ്റ്റ് ഓഫ് ഇന്ത്യ റിക്കോര്‍ഡ്സ് എന്നിവ നേടിയാണ് ‘ചൂളമടിക്കുന്ന പെണ്ണ് അത്ര ശരിയല്ല’ എന്നു പറഞ്ഞ സമൂഹത്തിന്റെ ചിന്താഗതിയെ ജ്യോതി തകര്‍ത്തെറിഞ്ഞത്.
വാരാപ്പുഴയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജ്യോതി ജനിച്ചു വളര്‍ന്നത്. അച്ഛന് അനന്തവാദ്ധ്യാര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ രത്നാബായി ഹോമിയോ ഡോക്ടറും. കര്‍ക്കശക്കാരനായിരുന്നു അച്ഛന്. സ്കൂളും വീടും അമ്പലവുമായിരുന്നു ജ്യോതിയുടെ ലോകം.
കുട്ടിക്കാലം മുതല്‍ ചൂളമടിയോട് കമ്പമുണ്ടായിരുന്നങ്കിലും പെണ്‍കുട്ടിയായതുകൊണ്ട് പരസ്യമായി അതു ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല. ആ ആഗ്രഹം മനസില്‍ ഒതുക്കി ജീവിക്കേണ്ടിവന്നു. വിവാഹം വരെ ആ മോഹം മനസ്സില്‍ത്തന്നെ കിടന്നു.
വിവാഹം കഴിഞ്ഞ് ഡല്‍ഹിയില്‍ എത്തിയ ജ്യോതി ചൂളമടിക്കുന്നത് കേട്ട് ഭര്‍ത്താവ് രാമചന്ദ്ര കമ്മത്ത് കാര്യം തിരക്കിയപ്പോള്‍ തന്റെ മനസിലെ മോഹം പറഞ്ഞു. അദ്ദേഹം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചതോടെ ജ്യോതിയുടെ ജീവിതം തന്നെ മാറിമറിഞ്ഞു.
വെറുമൊരു ചൂളമടിയില്‍ നിന്ന് മനോഹരമായ ഗാനങ്ങളായി ചൂളമടികള്‍ മാറി. സംഗീതം അഭ്യസിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് താളവും ഈണവും അണുവിട തെറ്റാതെ ഗാനങ്ങള്‍ ചൂളമടിക്കാന്‍ ജ്യോതിക്കായി. വെറുമൊരു കഴിവിനുമപ്പുറം വലിയ സദസിന് മുന്നില്‍ മനോഹരമായ ഒരു കലയായി മാറുകയായിരുന്നു.
ചെറിയ ചെറിയ വേദികളില്‍നിന്ന് പറന്നുയര്‍ന്ന ചൂളമടിസംഗീതം ലോകം അറിഞ്ഞുതുടങ്ങി.2013ല്‍ ജ്യോതി ബോംബെയിലെ ഇന്ത്യന്‍ വിസിലേഴ്സ് അസോസിയേഷന് എന്ന സംഘടനയുടെ ഭാഗമായി. സംഘടനയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ 151 വിസിലടിക്കാരെ ഉള്‍പ്പെടുത്തി ‘സാരേ ജഹാംസെ അച്ഛാ, ഹം ഹോങ്കെ കാമ്യാബ്’ എന്നീ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.
151 പേരും ഒരേ സ്വരത്തില്‍ ചൂളം വിളിയിലൂടെ ആ ഗാനങ്ങള്‍ അവതരിപ്പിക്കുയായിരുന്നു. 2020 റിപ്പബ്ലിക് ദിനത്തില്‍ വിസിലേഴ്സ് അസോസിയേഷന് പതിനേഴ് നഗരങ്ങളില്‍ ‘മിലേ സുര്‍ മേരാ തുമരാ’ എന്ന ദേശഭക്തി ഗാനം വിസിലിംഗിലൂടെ അവതരിപ്പിച്ചു. ഇതാകട്ടെ ദൂരദര്ശന് സംപ്രേഷണം നടത്തുകയും ചെയ്തു.
2017 ലാണ് വേള്‍ഡ് ഓഫ് വിസിലേഴ്സ് എന്ന കൂട്ടായ്മയ്ക്ക് കൊച്ചിയില്‍ രൂപംകൊള്ളുന്നത്. ഇന്ത്യന്‍ വിസിലേഴ്സ് അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ള വിസിലേഴ്സ് കൂടിച്ചേര്‍ന്ന സംഘടന ആരംഭിച്ചത്. ജ്യോതിയാണ് സംഘടനയുടെ രക്ഷാധികാരി. നൂറുകണക്കിന് അംഗങ്ങള്‍ ഗ്രൂപ്പിലുണ്ട്.
ചൂളമടിയില്‍ മാത്രമല്ല ജീവിതയാത്രയില്‍ വീണു പോയവര്‍ക്ക് താങ്ങായി ഈ കൂട്ടായ്മ മുന്നിലുണ്ട്. പരിപാടികള്‍ നടത്തി കിട്ടുന്ന തുക പ്രളയസമയത്ത് ദുരിതമനുഭവിച്ചവര്‍ക്ക് വേള്‍ഡ് ഓഫ് വിസിലേഴ്സ് നല്കി. ഹൃദയം സരംക്ഷിക്കാനുള്ള ഏറ്റവും നല്ല ശ്വസന വ്യായാമമാണിത്.
ശ്വാസം പിടിച്ചുവയ്ക്കാനും മറ്റുമുള്ള കഴിവും ഈ ചൂളമടിയിലൂടെ നേടാനാകുമെന്നാണ് ജ്യോതിയുടെ പക്ഷം. ആയിരംചൂളമടിക്കാരെ ഒന്നിച്ചുനിര്‍ത്തി ചുളമടിച്ച് ഗിന്നസ് റിക്കോര്‍ഡ് നേടുകയാണ് വേള്‍ഡ് ഓഫ് വിസിലേഴ്സിന്റെ ഇനിയുള്ള ലക്ഷ്യമെന്ന് ജ്യോതി പറയുന്നു. മകന് വിനായകും മകള്‍ വൈശാഖിയും അമ്മയ്ക്ക് പിന്തുണയുമായി മുന്നിലുണ്ട്.